
ബെംഗളൂരു : കൊണ്ടോട്ടിയിൽ നിന്ന് ആന്ധ്രയിലേക്ക് കല്യാണത്തിന് പോകുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു, 3 പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതര പരിക്ക്. വേങ്ങര കണ്ണമംഗലം കരുവാങ്കല്ല് തോട്ടശ്ശേരിയറ ചെങ്ങാനി കാരാട്ടാലുങ്ങൽ ശാരത്ത് മെഹബൂബ് – സീനത്ത് എന്നിവരുടെ മകൻ ഉവൈസ് (21) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന കൊണ്ടോട്ടി അരിമ്പ്ര സ്വദേശി താളക്കണ്ടി മൂത്തേടത്ത് ഹസ്സൻ (51) , ഭാര്യ ഖദീജ (43), മകൻ ഹബീബ് റഹ്മാൻ (21) എന്നിവർക്ക് പരിക്കേറ്റു. വണ്ടിയിലുണ്ടായിരുന്ന ഹസ്സന്റെ മകളും അവരുടെ 2 കുട്ടികളും ചെറിയ പരിക്കോടെ രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ 3 മണിക്ക് ആയിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഡിവൈഡറിൽ ഇടിച്ചാണ് അപകടം എന്നാണ് കരുതുന്നത്. തിരൂരങ്ങാടി ടുഡേ.
ഹബീബ് റഹ്മാൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഉവൈസ് മുമ്പിലെ സീറ്റിൽ ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹസ്സൻ ആസ്റ്റർ ആർ വി ആശുപത്രിയിലേക്ക് മാറ്റുകയാണ്. മറ്റുള്ളവർ കെങ്കേരി സുപ്ര ആശുപത്രിയിൽ ആണ്.
3 വണ്ടികളിലായാണ് കല്യാണത്തിന് സംഘം പോയിരുന്നത്. ബെംഗളൂരു വഴി ആന്ധ്രയിലേക്ക് പോകുകയായിരുന്നു.
ഇവരുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
മരണപെട്ട ഉവൈസിന്റെ മൃതദേഹം രാംനഗരിയിലെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിൽ എത്തിക്കും. കെ എം സി സി പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവർത്തകർ ഉണ്ട്..