പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഓടികൊണ്ടിരുന്ന ട്രൈയിനില്‍ തീയും പുകയും. പരപ്പനങ്ങാടി വഴി മംഗലാപുരത്തേക്ക് പോകുകയായിരുന്ന വിവേക് എക്‌സ്പ്രസ്സ് ട്രെയിനിന്റെ ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ അടിഭാഗത്താണ് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് എത്തുന്നതിന് തൊട്ടടൂത്ത് വെച്ച് തീ കണ്ടത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടടുത്താണ് സംഭവം. പ്രായമായവരും കുട്ടികളുമടക്കമുള്ളവര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. അതിഥി തൊഴിലാളികളാണ് കൂടുതലായും ഈ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നത്. തീ കണ്ടയുടനെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ആര്‍ക്കും പരിക്കില്ല.
റെയില്‍ വേ ട്രാക്കിലേക്ക് ഇറങ്ങിയതില്‍ ചിലയാളുകള്‍ക്ക് ചെറിയ മുറിവ് പറ്റി എന്നതൊഴിച്ചാല്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. 108 ആംബുലന്‍സടക്കം സംഭവ സ്ഥലത്തെത്തിയിരുന്നു. ട്രെയിനിലുണ്ടായിരുന്നവര്‍ ട്രാക്കിലേക്കിറങ്ങി സമീപത്തെ വീടിലേക്ക് മാറി. പ്രായമായവരടക്കം ഉണ്ടായിരുന്നതിനാല്‍ പലര്‍ക്കും നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. തുടര്‍ന്ന് പരിക്കില്ലാത്തതിനാല്‍ തന്നെ റെയില്‍ വേ സ്റ്റേഷനിലേക്കെത്തിച്ചാല്‍ മതി എന്ന് യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ റെയില്‍ വേ സ്റ്റേഷനിലേക്കെത്തിച്ചു. തുടര്‍ന്ന് ട്രെയിന്‍ പരപ്പനങ്ങാടി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. തീയണക്കലും മറ്റു തകരാറുകളും പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി ട്രെയിന്‍ യാത്ര തുടരുകയും ചെയ്തു. ട്രൈയിനിന്റെ ബ്രൈക്ക് ജാം ആയതാണ് തീ കാണാനിടയായതെന്ന് പ്രാഥമിക വിവരം.