കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ച സംഘം പിടിയില്‍. സ്വര്‍ണം കടത്തിയ ആളും, കവര്‍ച്ച ചെയ്യാനെത്തിയ നാല് പേരുമാണ് പിടിയിലായത്. തിരൂര്‍ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ കെ.പി. മൊയ്ദീന്‍ കോയ (കെ പി എം കോയ), മുഹമ്മദ് അനീസ്, അബ്ദുല്‍ റഊഫ്, നിറമരുതൂര്‍ സ്വദേശി സുഹൈല്‍ എന്നിവരാണ് കവര്‍ച്ച ചെയ്യാനെത്തിയവര്‍. യാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ പി എം കോയ പരപ്പനങ്ങാടി നഗരസഭ മുൻ കൗണ്സിലറും സി പിഎം നേതാവുമായിരുന്നു. സി ഐ ടി യു ജില്ലാ ഭരവാഹിയായിരുന്ന ഇദ്ദേഹം നഗരസഭ ജീവനക്കാരുമായുള്ള പ്രശ്‌നത്തിന്റെ പേരിൽ സി പി എം നേതൃത്വവുമായി ഇടഞ്ഞിരുന്നു.
ജിദ്ദയിൽ നിന്നെത്തിയ തിരൂർ സ്വദേശി മഹേഷാണ് സ്വർണം കൊണ്ടുവന്നത്. 974 ഗ്രാം സ്വർണ മിശ്രിതമാണ് മഹേഷ് കടത്താൻ ശ്രമിച്ചത്. മറ്റൊരു സംഘത്തിന് കൈമാറാനാണ് മഹേഷ് സ്വർണം കൊണ്ടുവന്നത്. എന്നാൽ സംഘം സ്വർണം വാങ്ങാനെത്തുമ്പോൾ തന്റെ കയ്യിൽ നിന്ന് സ്വർണം കവർച്ച ചെയ്യുന്ന മറ്റൊരു കവർച്ച സംഘമെന്ന പ്ലാൻ മഹേഷ് തന്നെ തയ്യായാറാക്കി. ഇതിനായി പരപ്പനങ്ങാടി സ്വദേശികളായ നാലുപേരെ എയർപോർട്ടിന് പുറത്ത് റെഡിയാക്കി നിർത്തുകയും ചെയ്തു. പൊലീസിന് വിവരം കിട്ടിയതോടെ. കവർച്ച ചെയ്യാനെത്തിയവരെ ആദ്യം അറസ്റ്റ് ചെയ്തു. പിന്നാലെ എത്തിയ മഹേഷും വലയിലായി. സ്വർണം വാങ്ങാനെത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ മഹേഷിൽ നിന്നും കണ്ടെത്താനാണ് പൊലീസിന്റെ നീക്കം