
കണ്ണമംഗലം : 5 യുവതികൾ കൂടി പുതുജീവിതത്തിലേക്ക്. സാക്ഷികളായി 3500 പേരും. കണ്ണമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക റിലീഫ് സെല്ലി’ ന്റെ (മാസ്) മൂന്നാമത് സമൂഹവിവാഹവും ചെറുശ്ശാലി മൂസഹാജി അനുസ്മരണവും എടക്കാപ്പറമ്പ് ജസീറ ഓഡിറ്റോറിയത്തിലാണ് നടന്നത്. ഓരോരുത്തർക്കും പത്തുപവന്റെ സ്വർണ്ണാഭരണങ്ങളും വധൂവരന്മാർക്കുള്ള വിവാഹവസ്ത്രങ്ങളും നൽകിയാണ് ഇവരെ കൂട്ടായ്മ പുതുജീവിതത്തിലേക്ക് യാത്രയാക്കിയത്. 3,500 പേർക്കായിരുന്നു സദ്യ. ഇതിനുമുൻപ് മാസ് 14 പേരുടെ വിവാഹം ഇങ്ങനെ നടത്തിയിട്ടുണ്ട്.
നിക്കാഹിന് എൻ. അബ്ദുള്ളക്കുട്ടി മുസ്‌ലിയാരും കല്യാണത്തിന് എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരിയും കാർമികത്വം വഹിച്ചു. പൊതുചടങ്ങ് കൈരളി ടി.എം.ടി. ഉടമ പഹലിഷ കള്ളിയത്ത് ഉദ്ഘാടനംചെയ്തു. വി.പി. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. പി. സുരേന്ദ്രൻ, കെ.സി. അബ്ദുറഹിമാൻ, കെ.പി.സി.സി. അംഗം പി.എ. ചെറീത്, കെ.പി. അബ്ദുൽമജീദ്, പി.കെ. സിദ്ദിഖ്, കെ. കുഞ്ഞിമൊയ്തീൻ, മജീദ് ചേറൂർ, അഫ്‌സൽ പള്ളിയാളി, സാദിഖലി കോയിസൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.