തിരൂര്‍ : പൗരത്വ ഭേദഗതി നിയമം വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ മുന്‍ എസ്‌ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. തിരൂരിലെ മുന്‍ എസ് ഐയും റിട്ടയേര്‍ഡ് എസ് പി യുമായ പി. രാജു തന്റെ അനുഭവത്തില്‍ നിന്നെഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുഞ്ചന്‍ പറമ്പിനടുത്ത് ഉള്ള ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൌരത്വമുള്ള അവരുടെ ഒരു ബന്ധു വന്ന് നിയമാനുസരണം താമസമുണ്ടായിരുന്നുവെന്നും അയാളെ കാണാന്‍ ചെന്നതിന്റെ അനുഭവങ്ങളുമാണ് കുറിപ്പില്‍ പറയുന്നത്.
ഇവിടെ ബന്ധുക്കളുള്ള നിരവധി ആളുകള്‍ ഇപ്പോഴും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമായുണ്ട്. അവരില്‍ ചിലരൊക്കെ ഇപ്പോഴും വന്നും പോയ്‌ക്കൊണ്ടിരിക്കുന്നുമുണ്ട്. പൌരത്വത്തിന് അപേക്ഷിച്ചവരുമുണ്ട്. മുസ്ലീംങ്ങള്‍ മാത്രമല്ല, പണ്ടുമുതലേ താമസമുള്ള ഇന്ത്യന്‍ വേരുകളുള്ള ധാരാളം സിഖുകാരുമുണ്ടവിടെ. പൗരത്വ ഭേദഗതിയിലെ വിവേചനം ഇത്തരത്തില്‍പെട്ട മുസ്ലീം വിഭാഗത്തെ എത്രമാത്രം ബാധിക്കും എന്ന് ചൂണ്ടിക്കാട്ടാനാണ്. ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് ഇതില്‍ ഭയക്കാനില്ലെങ്കിലും അവരുടെ ബന്ധുക്കളെ ബാധിക്കും. അവരെ ബാധിക്കുന്നതിന് തുല്യം. തീവ്ര സ്വഭാവക്കാരുണ്ടാവാം. അവിടെ കൂറുള്ളവരുമുണ്ടാവാം. അതൊക്കെ തിരിച്ചറിയാന്‍ ഏറ്റവും മികച്ച സംവിധാനവുമുള്ള നമ്മുടെ രാജ്യത്ത് അതിന് പ്രയാസമുണ്ടാവുകയില്ല. അഭയാത്രികളായി എത്തിയ വിദേശികളെ ആ രീതിയില്‍ കൈകാര്യം ചെയ്യുക. പൗരത്വം എല്ലാ നടപടി ക്രമങ്ങളും കര്‍ശനമായി പാലിച്ച് കൊണ്ട് മാത്രം മതിയാവും. അതിന് മതപരമായ വിവേചനം പിടില്ല. തുല്യ നീതിയും അവകാശവും ഭരണഘടന വിഭാവനം ചെയ്യുന്നതാണ്. അതുറപ്പാക്കണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
പി രാജു രമൂട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ രൂപം ‘;
1983-85 കാലയളവിലെ കാര്യമാണ്. ആദ്യമായി
സ്വതന്ത്ര ചുമതലയില്‍ ഞാന്‍ തിരൂരില്‍ എസ് ഐ. അക്കാലത്ത് തുഞ്ചന്‍ പറമ്പിനടുത്ത് ഉള്ള ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൌരത്വമുള്ള അവരുടെ ഒരു ബന്ധു വന്ന് നിയമാനുസരണം താമസമുണ്ടായിരുന്നു. ( സ്വകാര്യത മാനിച്ച് പേര് വെളിപ്പെടുത്തുന്നില്ല). എങ്കിലും നിരീക്ഷിക്കണമായിരുന്നു. പോലീസ് സ്റ്റേഷനുകളില്‍ പാക്ക് റജിസ്റ്ററുകളുണ്ട്. ഞാന്‍ ഒരു ദിവസം അദ്ദേഹത്തെ കാണാന്‍ പോയി. അവിടെ ചെന്ന എന്നെ ബന്ധുക്കള്‍ ഒരു ചെറിയ മുറിക്കകത്തേക്ക് കൊണ്ടു പോയി. ഞാനാകെ വിഷമിച്ച് തല താഴ്ത്തിപ്പോയ സന്ദര്‍ഭമായിരുന്നു അത്. എല്ലും തോലുമായ ഒരു മനുഷ്യന്‍ നിലത്ത് ഒരു പായയില്‍ കമ്പിളി പുതച്ച് കിടക്കുന്നു. എന്നിട്ടും ആ പാവം വിറക്കുകയാണ്. സമീപത്ത് തന്നെ ഒരു മണ്‍പാത്രത്തില്‍ ചിരട്ട കത്തിച്ച് കരി ചൂട് പകരുന്നുണ്ടെങ്കിലും അതൊന്നും ആ പാവത്തിന്റെ വിറയല്‍ മാറ്റാന്‍ പര്യാപ്തമായിരുന്നില്ല. മഴക്കാലത്തും തണുപ്പ് കാലത്തും തലക്കടുത്തും കാലിനടത്തും രണ്ട് വശങ്ങളിലായി വെക്കുമത്രെ. സംസാരിക്കാന്‍ പോലും ആവാത്ത ഒരു മനുഷ്യക്കോലം. എനിക്കദ്ദേഹത്താട് വല്ലാത്ത ദീനാനുകമ്പയുണ്ടായെന്ന് പറയേണ്ടതില്ലല്ലോ. വീട്ടുകാര്‍ മരണവും കാത്തിരിക്കുകയാണെങ്കിലും അത് വരെ ആവുന്നത് ചെയ്യാനുള്ള തത്രപ്പാടിലായിരുന്നു അവര്‍. ഞാന്‍ പുറത്തേക്കിറങ്ങുമ്പോഴേക്കും അയല്‍വാസികളും മറ്റും എത്തിയിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് പാക്കിസ്ഥാനില്‍ (അന്നത്തെ ഇന്ത്യയുടെ ഭാഗം) ജോലി തേടി പോയതായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം പാക്കിസ്ഥാനിയായി. ഇതുപോലെ നിരവധിപേര്‍ ഇത്തരത്തില്‍ പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമുണ്ട്(അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാന്‍). വിഭജന കാലത്ത് എടുത്ത് ചാടി അവിടെ പോയവരും ധാരാളം. പിന്നീടാണ് വിവരം വെക്കുന്നത്. നാട്ടിലെ ബന്ധുക്കളെ കാണണമെങ്കില്‍ പാസ്‌പോര്‍ട്ട് വേണം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാക്കിസ്ഥാന്‍ പൌരത്വമുള്ള പാസ്‌പോര്‍ട്ടും ഇന്ത്യന്‍ സന്ദര്‍ശക വിസയും മറ്റും ലഭിച്ചത്. കുറെ തവണ വന്നും പോയും കാലങ്ങള്‍ കടന്നു പോയി. ഇതിനിടയില്‍ ഇന്ത്യന്‍ പൌരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. വിസ കാലാവധി/ താമസാനുമതി കഴിഞ്ഞ് പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് അതിര്‍ത്തി ( അട്ടാരി) ചെക്ക് പോസ്റ്റ് വഴി നാട് കടത്തണം. അത്തരക്കാരെ പാക്കിസ്ഥാന്‍ പട്ടാളവും പോലീസും ഇങ്ങോട്ട് തന്നെ തള്ളി വിടും. ചില സന്ദര്‍ഭങ്ങളില്‍ വെടി വെച്ച് കൊല്ലാറുമുണ്ട്. താമസ കാലാവധി നീട്ടിക്കിട്ടാത്തതിനാല്‍ പിന്നീട് ഹൈക്കോടതി ഉത്തരവിന്റെ( സ്റ്റേ) ബലത്തിലാണ് താമസം തുടരുന്നത്. അനവധി പേര്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ താമസമുണ്ട്. കുറെ ആളുകളെ അതിര്‍ത്തികടത്തി വിട്ടിട്ടുമുണ്ട്. എനിക്കും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ പേരില്‍ നിവൃത്തിയില്ലാതെ കസ്റ്റഡിയിലെടുക്കേണ്ടി വന്നിട്ടുമുണ്ട്. നമ്മുടെ ഈ കക്ഷിക്കും ഒരു സുപ്രഭാതത്തില്‍ നാടുകടത്താനുള്ള ഉത്തരവായി. ഉത്തരവ് ലഭിച്ച ഞാന്‍ ത്രിശങ്കുവിലായി എന്ന് തന്നെ പറയാം. ഞാന്‍ അദ്ദേഹത്തെ ഒന്നു കൂടി പോയി കണ്ടു. കരളയിലിപ്പിക്കുന്ന അതേ ദയനീയ സ്ഥിതി തന്നെ. അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് നാട് കടത്താനാവാത്തത്ര ഗുരുതരമാണ്. ഞാന്‍ വിവരം അന്നത്തെ എസ്പിയെ അറിയിച്ചു. എന്തായാലും കസ്റ്റഡിയിലെടുത്ത് ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചത്. ഞാന്‍ നേരിട്ട് പോയി എസ്പിയെ കണ്ടു. അദ്ദേഹം ഒരു വീട്ടു വീഴ്ചക്കും തയ്യാറല്ല. എസ്‌കോര്‍ട്ട് പോവുന്ന പോലീസുകാര്‍ ബുദ്ധിമുട്ടും, ജീവനോടെ അതിര്‍ത്തിയിലെത്തിക്കാനാവില്ല, എസ്പി അവസാനം വഴങ്ങി. പക്ഷെ അത് അധികം നീണ്ടില്ല. ഉടന്‍ അതിര്‍ത്തിയിലെത്തിക്കാന്‍ മുകളില്‍ നിന്നും ഉത്തരവിറങ്ങി. എങ്ങിനെ കൊണ്ടു പോകും. മലപ്പുറത്തെത്തിക്കുക തന്നെ പ്രയാസമായിരിക്കുമെന്ന് ഞാന്‍ എസ്പിയെ അറിയിച്ചു. എസ് പി യശശ്ശരീരനും ആദരണീയനുമായ പി എം പത്മനാഭനായിരുന്നു. എന്നോട് വലിയ ഇഷ്ടമുള്ള ഓഫീസറായിരുന്നു. ഏറെ വിശ്വാസവുമായിരുന്നതിനാല്‍ അദ്ദേഹം ആവുന്ന വിധം ശ്രമിച്ച് മൂന്ന് നാല് ദിവസം കഴിഞ്ഞ് എന്നെ വിളിച്ച് ഉടന്‍ മലപ്പുറത്തെത്തിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശമാണ്. ഇല്ലെങ്കില്‍ നടപടി നേരിടേണ്ടി വരും. രണ്ട് ദിവസം കൂടിയേ എനിക്ക് പിടിച്ച് നില്ക്കാനായുള്ളൂ. അവസാനം അന്നത്തെ പഴയ ഒരു പോലീസ് സ്റ്റേഷന്‍ ജീപ്പല്‍ പിറകിലെ സീറ്റില്‍ ബന്ധുക്കളും ഒന്നിച്ച് ചിരട്ടക്കരി ചൂടും കൊടുത്ത് ഒരു വിധം മലപ്പുറത്തെത്തിച്ചു. അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സി ഐ ആണ് ചുമതലയില്‍. അവിടെയാണ് എത്തിച്ചത്. സി ഐ ആളെ കണ്ട പാടെ മുകളില്‍ എസ് പിയുടെ മുറിയിലേക്ക് ഓടുകയായിരുന്ന ദൂശ്യം ഇന്നും കണ്‍മുന്നിലുണ്ട്. എസ്പിയും താഴെ വന്നു കണ്ടു. എന്നെയും കൂട്ടി മുറിയിലേക്ക്. ആലോചനയിലാണ്ട എസ്പി ഒരുദീര്‍ഘനിശ്വാസത്തിന് ശേഷം രാജൂ, എന്താ ഇനിചെയ്യുക. സര്‍ വീണ്ടും കാര്യങ്ങള്‍ മുകളിലോട്ട് അറിയിക്കണം ,അദ്ദേഹത്തെ ജീവനോടെ അട്ടാരിയിലെത്തിക്കാനാവില്ലെന്ന്. അദ്ദേഹം അപ്പോള്‍ തന്നെ വിളിച്ചു. അന്ന് മൊബൈലില്ല, എസ്ടി ഡി ഇല്ല. ട്രങ്ക് കോള്‍ ആണ്. എസ്പി ഓഫീസില്‍ നിന്നാവുമ്പോള്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും പെട്ടെന്ന് കണ്ക്ട് ചെയ്യും. ആദ്യം സമ്മതം കിട്ടിയില്ല. പിന്നീട് ഒന്ന് രണ്ട് ദിവസം കാത്തിരിക്കാന്‍ നിര്‍ദ്ദേശംവന്നു. മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ചിലേല്പിച്ച് ഞാന്‍ തിരികെ പോന്നു. ബന്ധുക്കളിലൊരാള്‍ കൂടെ നിന്നു.
മൂന്നാം നാള്‍ എസ് പി വിളിച്ച് ആളെ തിരികെ വീട്ടിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. വാക്കാല്‍ നിര്‍ദ്ദേശം കിട്ടിയത്രെ. ഞാന്‍ മലപ്പുറത്തെത്തി അദ്ദേഹത്തെകൂട്ടി തിരൂരിലെ വീട്ടിലെത്തിച്ചു. രണ്ടാം നാള്‍ ഒരു ബന്ധു വന്ന് ആ വിവരം അറിയിച്ചു. മരിച്ചിരിക്കുന്നു. യാത്രയും രണ്ട് രാത്രിയും മൂന്ന് പകലും മലപ്പുറത്തെ താമസവും അദ്ദേഹത്തിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. എസ്‌കോര്‍ട്ട് പോവേണ്ടിയിരുന്ന പോലീസുകാര്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അന്ത്യം യാത്രാമദ്ധ്യേ തീവണ്ടിയിലാകുമായിരുന്നു. അവസാനമായി കാണാന്‍ ഞാനും ചെന്നിരുന്നു. വീട്ടുകാര്‍ക്ക് എന്നോട് കടപ്പാടുള്ളതായി അറിയിച്ചു. ഈ അടുത്ത് വരെ കാണുമ്പോള്‍ അവര്‍ എന്നെ ഏറെ ഇഷ്ടത്തോടെ സമീപിക്കാറുണ്ടായിരുന്നു.
ഇവിടെ ബന്ധുക്കളുള്ള നിരവധി ആളുകള്‍ ഇപ്പോഴും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമായുണ്ട്. അവരില്‍ ചിലരൊക്കെ ഇപ്പോഴും വന്നും പോയ്‌ക്കൊണ്ടിരിക്കുന്നുമുണ്ട്. പൌരത്വത്തിന് അപേക്ഷിച്ചവരുമുണ്ട്. മുസ്ലീംങ്ങള്‍ മാത്രമല്ല, പണ്ടുമുതലേ താമസമുള്ള ഇന്ത്യന്‍ വേരുകളഉള്ള ധാരാളം സിഖുകാരുമുണ്ടവിടെ.
ഇതൊക്കെ ഇപ്പോള്‍ കുറിക്കുന്നത് പൌരത്വ ഭേദഗതിയിലെ വിവേചനം ഇത്തരത്തില്‍പെട്ട മുസ്ലീം വിഭാഗത്തെ എത്രമാത്രം ബാധിക്കും എന്ന് ചൂണ്ടിക്കാട്ടാനാണ്. ഇന്ത്യന്‍ പൌരത്വമുള്ളവര്‍ക്ക് ഇതില്‍ ഭയക്കാനില്ലെങ്കിലും അവരുടെ ബന്ധുക്കളെ ബാധിക്കും. അവരെ ബാധിക്കുന്നതിന് തുല്യം. തീവ്ര സ്വഭാവക്കാരുണ്ടാവാം. അവിടെ കൂറുള്ളവരുമുണ്ടാവാം. അതൊക്കെ തിരിച്ചറിയാന്‍ ഏറ്റവും മികച്ച സംവിധാനവുമുള്ള നമ്മുടെ രാജ്യത്ത് അതിന് പ്രയാസമുണ്ടാവുകയില്ല. അഭയാത്രികളായി എത്തിയ വിദേശികളെ ആ രീതിയില്‍ കൈകാര്യം ചെയ്യുക. പൌരത്വം എല്ലാ നടപടി ക്രമങ്ങളും കര്‍ശനമായി പാലിച്ച് കൊണ്ട് മാത്രം മതിയാവും. അതിന് മതപരമായ വിവേചനം പിടില്ല. തുല്യ നീതിയും അവകാശവും ഭരണഘടന വിഭാവനം ചെയ്യുന്നതാണ്. അതുറപ്പാക്കണം.
ജയ് ഹിന്ദ്.
പി. രാജു, റിട്ട. എസ് പി.