
തിരൂരങ്ങാടി : ഉത്പാദനരംഗത്തും വിപണന രംഗത്തുമായി ആദ്യഘട്ടത്തില്‍ 250 ഓളം വനിതകള്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം തിരൂരങ്ങാടിഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷപൂര്‍വ്വം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിതയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. എംപി അബ്ദുല്‍ സമദാനി എംപി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ സിഡിഎസ്സുകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
കുടുംബശ്രീ വനിതാ സംരംഭങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാദേശികമായി തന്നെ വിപണി കണ്ടെത്തി, ഉല്‍പാദന രംഗത്തും വിപണന രംഗത്തുമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി. പ്രാദേശിക ഉത്പാദനവും പ്രാദേശികമായ ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വികസനം എന്ന ലക്ഷ്യം സാധിതമാക്കുക കൂടിയാണ് ഈ പദ്ധതിയിലൂടെ.
മലപ്പുറത്തിന്റെ വികസന ചരിത്രത്തിലേക്ക് അനന്യമായൊരു വിജയഗാഥ രചിക്കുകയാണ് കുടുംബശ്രീ. സെമിനാര്‍ ഹാളുകളിലെ പ്രബന്ധങ്ങളിലും പാഠപുസ്തകത്താളുകളിലും മൃതാക്ഷരങ്ങളായി മരവിച്ചു കിടന്നിരുന്ന ഗാന്ധിജിയുടെ സ്വാശ്രയ ഗ്രാമം എന്ന സ്വപ്നത്തിന് കുടുംബശ്രീയിലെ ഒരു കൂട്ടം വനിതകള്‍ ചേര്‍ന്ന് നിറം പകരുന്ന സവിശേഷമായ ഒരു കാഴ്ചയാണ് മലപ്പുറം കേരളത്തിനു മുമ്പില്‍ കാഴ്ചവെക്കുന്നത് !
അറിയിപ്പുകള്‍ നല്‍കി അപേക്ഷ ക്ഷണിച്ച്, അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് ഹോംഷോപ്പ് ഉടമകളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കുടുംബശ്രീ മിഷന്‍ നേതൃത്വത്തില്‍ ആറു ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലനം ലഭ്യമാക്കുകയും ചെയ്തു. പ്രദേശത്തെ മുഴുവന്‍ വീടുകളിലും വിഷമുക്തവും മായമില്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി എത്തിച്ചു നല്‍കുക എന്നുള്ളതാണ് ഹോംഷോപ്പ് ഉടമകളുടെ ചുമതല. പൊതുവിപണിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന കമ്മീഷന്‍ ലഭിക്കുന്നു എന്നതിനുപുറമേ, ഹോംഷോപ്പ് ഉടമകളുടെ മക്കള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഹോംഷോപ്പ് ഉടമകള്‍ക്കുളള ചികിത്സാ ധനസഹായ പദ്ധതി, മൂന്നുമാസത്തിലൊരിക്കല്‍ വീടുകളില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യ കിറ്റ്, പ്രൊവിഡന്റ് ഫണ്ടിന് സമാനമായ ‘ശ്രീനിധി’ സമ്പാദ്യ പദ്ധതിയിലെ അംഗത്വം തുടങ്ങി ഒട്ടേറെ സാമൂഹ്യക്ഷേമ പദ്ധതികളും ജീവിതസുരക്ഷാ പദ്ധതികളും ഹോംഷോപ്പ് ഉടമകള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് പദ്ധതി വിശദീകരണം നടത്തി. ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം ചെയര്‍മാന്‍ സ്റ്റാര്‍ മുഹമ്മദ്
, യൂണിഫോം വിതരണ ഉദ്ഘാടനം പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്‍ കലാം മാസ്റ്ററും ബാഗ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലി ഒടിയില്‍ പീച്ചുവും ശ്രീനിധി പാസ്ബുക്ക് വിതരണ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു.
ജനപ്രതിനിധികളും സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുമായ ഫൗസിയ സിസി, ബിന്ദു പിടി, വീക്ഷണം മുഹമ്മദ്, ബാബുരാജ് പൊക്കടവത്ത്, റൈഹാനത്ത് , വിജിത്ത്, സുഹറാബി, ഉസ്മാന്‍ അമറാത്ത്, ശൈലജ എ, ഷൈനി കെ , റംല കക്കടവത്ത്, ബിന്ദു പി,സീനത്ത് സി, ശരീഫ വി കെ എന്നിവരും പ്രസംഗിച്ചു. ഹോംഷോപ്പ് പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പ്രസാദ് കൈതക്കല്‍ സ്വാഗതവും തിരൂരങ്ങാടി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റംല നന്ദിയും പറഞ്ഞു.