ഷാനിബിന് പഠനാവശ്യത്തിന് മൊബൈൽ ഫോൺ നൽകി മന്ത്രിയുടെ കൈത്താങ്ങ്

കൊണ്ടോട്ടി : പഠനാവശ്യത്തിന് മൊബൈല്‍ ഫോൺ വേണം എന്ന അഭ്യര്‍ഥനയുമായി എത്തിയ വിദ്യാര്‍ഥിക്ക് അദാലത്തിന്റെ കരുതല്‍. ജനുവരി 10 ന് നടന്ന ഏറനാട് താലൂക്ക് അദാലത്തിൽ മകനും പ്ലസ്ടു വിദ്യാർത്ഥിയുമായ ഷാനിബിന് പഠനത്തിനായി മൊബൈൽ വേണം എന്ന ആവശ്യം രക്ഷിതാവ് മന്ത്രി വി. അബ്ദുറഹ്മാനോട് ഉന്നയിച്ചിരുന്നു. ആവശ്യം പരിഗണിച്ച മന്ത്രി ഇന്ന് നടന്ന കൊണ്ടോട്ടി താലൂക്ക് അദാലത്തിൽ മൊബൈൽ ഫോൺ സമ്മാനിച്ചു.

ഊർങ്ങാട്ടിരി സ്വദേശികളായ ഫാത്തിമയുടെയും അബ്ദുൽ ഗഫൂറിന്റെയും മകനായ ഷാനിബ് എടവണ്ണ ഐ.ഒ. എച്ച്.എസ്.എസ്. ലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. ഷാനിബിന്റെ പിതാവ് ഭിന്നശേഷിക്കാരനാണ്. ഭിന്നശേഷിക്കാരിയായ സഹോദരിയുൾപ്പടെ ആറു പേരടങ്ങുന്ന കുടുംബത്തിന്റെ വരുമാനം പെൻഷൻ മാത്രമാണ്. വീട്ടിൽ മാതാവായ ഫാത്തിമക്ക് മാത്രമാണ് മൊബൈൽ ഫോൺ ഉള്ളത്. പഠനത്തിൽ മിടുക്കനായ ഷാനിബിന്റെ ആവശ്യം മാതാവായ ഫാത്തിമ മന്ത്രിയെ അദാലത്തിലെത്തി അറിയിച്ചതോടെ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകുകയായിരുന്നു.

കളക്ടർ ഇടപെട്ട് കൊണ്ടോട്ടിയിലെ ജപ്പാൻ സ്ക്വയർ കടയുടമ മൊബൈൽ നൽകാൻ തയാറാവുകയായിരുന്നു. ജില്ലാകളക്ടർ വി.ആർ. വിനോദ്, എ. ഡി. എം. എൻ.എം. മെഹറലി എന്നിവരുടെ സാന്നിധ്യത്തിൽ ഭിന്ന ശേഷിക്കാരിയായ സഹോദരി ഷംല ബീഗം, സഹോദരൻ ഷാനിബ്, മാതാവ് ഫാത്തിമ എന്നിവർ മന്ത്രി വി. അബ്ദുറഹ്മാനിൽ നിന്നും മൊബൈൽ ഏറ്റുവാങ്ങി.

error: Content is protected !!