കാശിയും മഥുരയും കൂടെ വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങളുടെ അവകാശ വാദം ഉന്നയിക്കില്ല ; ഗോവിന്ദ് ദേവ് ഗിരി മഹാരാജ്

പൂനെ: കാശി, മഥുര ക്ഷേത്രങ്ങള്‍ കൂടി വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അയോധ്യ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. പുനെയില്‍ തന്റെ 75-ാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന ആത്മീയ പരിപാടികളുടെ ഭാഗമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെയും ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെയും സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തില്‍ 3,500 ഓളം ക്ഷേത്രങ്ങള്‍ വൈദേശിക അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.കാശി, മഥുര ക്ഷേത്രങ്ങള്‍ കൂടി സ്വതന്ത്രമായാല്‍ മറ്റ് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ സമാധാനപരമായി ഒരു പരിഹാരം കണ്ടെത്താന്‍ നമുക്ക് സാധിച്ചു. കാശി, മധുര ക്ഷേത്ര വിഷയങ്ങളും സമാധാനപരമായി പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് രാജ്യത്തെ മുസ്ലിം സമൂഹത്തിന്റെ പിന്തുണ വേണം. മുസ്ലിം സമൂഹത്തിലെ വലിയ വിഭാഗം കാശി, മധുര ക്ഷേത്രങ്ങളുടെ വിഷയത്തില്‍ സമാധാനപരമായ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണ്. എന്നാല്‍ ഇപ്പോഴും എതിര്‍പ്പുകള്‍ നില്‍ക്കുന്നുണ്ട്. വൈദേശിക അധിനിവേശത്തിന്റെ മുറിവ് മായ്ക്കാനുള്ള ശ്രമമാണിത് അല്ലാതെ രണ്ട് വിശ്വാസ സമൂഹങ്ങള്‍ തമ്മിലുള്ളതല്ല എന്ന് ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു.

error: Content is protected !!