സംവരണ അട്ടിമറിയിൽ നിന്ന് സർക്കാർ പിന്മാറണം ; മുസ്‌ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ മറവിൽ മുസ്ലിം സംവരണം നഷ്ടപ്പെടുന്ന പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.

നിലവിലെ കണക്കുകൾ അനുസരിച്ച് പ്രതിവർഷം 700 തസ്തികകളെങ്കിലും മുസ്ലിം സമുദായത്തിന് നഷ്ടമാകും. ഉദ്യോഗതലങ്ങളിൽ പ്രാതിനിധ്യക്കുറവ് അനുഭവിക്കുന്ന പിന്നോക്ക, ന്യൂനപക്ഷ സമുദായമായ മുസ്ലിംകൾക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ് വലിയ ആഘാതമായിരിക്കും. അവകാശങ്ങൾ നഷ്ടപ്പെടുത്തുന്ന അന്യായമായ ഉത്തരവ് പിൻവലിച്ച് പിന്നോക്ക, ന്യൂനപക്ഷ സമുദായങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഭിന്നശേഷി സംവരണത്തിനായി കണ്ടെത്തിയ ടേണുകളിൽ രണ്ട് ടേൺ മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. ആകെ നാല് ടേണുകളാണ് മുസ്ലിം സമുദായത്തിനുള്ളത്. സർക്കാർ ഉത്തരവ് പ്രകാരം അതിൽ രണ്ട് ടേൺ നഷ്ടപ്പെടുമ്പോൾ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിന്റെ നേർപകുതി നഷ്ടമാണ്. ഗൗരവമേറിയ ഈ കാര്യങ്ങളെക്കുറിച്ച് യാതൊരു പഠനവുമില്ലാതെയാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഉത്തരവ് പുറത്ത് വന്നപ്പോൾ തന്നെ മുസ്ലിംലീഗും മറ്റ് സാമുദായിക സംഘടനകളും ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയതാണ്. മുസ്ലിംലീഗ് എം.എൽ.എമാർ കേരള നിയമസഭയിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. മുസ്ലിം സംവരണം അട്ടിമറിക്കപ്പെടില്ലെന്നും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രിമാർ അടക്കമുള്ളവർ വാക്ക് തന്നതാണ്. എന്നാൽ ഈ ഉത്തരവ് പുറത്ത് വന്നതോടെ അത്തരം വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. ഭിന്നശേഷിക്കാരുടെ സംവരണം ഉയർത്തേണ്ടത് അനിവാര്യമാണ്. എന്നാൽ, അതിനുവേണ്ടി രൂപപ്പെടുത്തിയ സംവിധാനത്തിന്റെ അപാകതകളാണ് പരിഹരിക്കപ്പെടേണ്ടതെന്നും മുസ്ലിംലീഗ് നേതാക്കൾ വ്യക്തമാക്കി.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. എൻ ഷംസുദ്ദീൻ എന്നിവരും സന്നിഹിതരായിരുന്നു.

error: Content is protected !!