
മലപ്പുറം: കരിപ്പൂര്‍ വഴി ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് അധിക തുക ഈടാക്കുന്നതിനെതിരെ അപേക്ഷകരുടെ കൂട്ടായ്മ. കേരളത്തിലെ മറ്റു രണ്ട് എംബാര്‍ക്കേഷന്‍ പോയന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ കരിപ്പൂരില്‍ നിന്ന് വിമാനം കയറുന്നവര്‍ക്ക് 40000 രൂപ അധികതുക ഈടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുവായിരത്തോളം അപേക്ഷകരാണ് ഇതിനെതിരെയുള്ള ഒപ്പുശേഖരണത്തില്‍ പങ്കെടുത്തത്. അപേക്ഷകരുടെ ആശങ്കയറിയിച്ച് കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളകുട്ടി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തുടങ്ങിയവര്‍ക്ക് ശേഖരിച്ച ഒപ്പുകളും നിവേദനവും സമര്‍പ്പിച്ചു.
സാങ്കേതിക വിഷയങ്ങള്‍ പറഞ്ഞ് സാധാരണക്കാരായ തീര്‍ഥാടകരില്‍ നിന്ന് ഭീമമായ തുക ഈടാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകരുതെന്നും ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലധികം പേര്‍ അപേക്ഷകരുണ്ടാകുമ്പോള്‍ വന്‍തുകയുടെ ബാധ്യതയാണ് തീര്‍ഥാടകരുടെ മേല്‍ അടിച്ചേല്‍പിക്കുന്നതെന്നും കൂട്ടായ്മയുടെ പ്രസിഡണ്ട് അബ്ദുസ്സലാം ദാരിമി കരുവാരക്കുണ്ട് സെക്രട്ടറി ഫൈസൽ ഇബ്രാഹിം എന്നിവർ അഭിപ്രായപ്പെട്ടു. കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന 5000ത്തോളം പേരില്‍ പകുതിയിലേറെയും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. താല്‍പര്യമുള്ള പലരുടെയും ഒപ്പുശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ ടിക്കറ്റ് തുക സമീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകണം. ഒരുനിലക്കും സാധിക്കാത്ത പക്ഷം, അപേക്ഷാഫോമില്‍ എംബാര്‍ക്കേഷന്‍ പോയിന്റിലെ രണ്ടാം ഒപ്ഷന്‍ തെരഞ്ഞെടുക്കാനുള്ള അവസരം അനുവദിക്കണം. അധികതുകയുടെ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ ഹാജിമാര്‍ അവരവരുടെ ജനപ്രതിനിധികളെ ആശങ്ക അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഏകദേശം 10,000ത്തോളം ഹാജിമാര്‍ കരിപ്പൂരില്‍ നിന്നും പുറപ്പെട്ടിരുന്നു. ഈ ഉയര്‍ന്ന തുക കാരണമാണ് ഇത്തവണ അത് 5000 പേരിലേക്ക് ചുരുങ്ങിയത്. ഹജ്ജിന് അപേക്ഷ നല്‍കുമ്പോള്‍, കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സാധ്യതയുണ്ടന്നും ഔദ്യോഗിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തകളുടെ അടിസ്ഥനത്തിലാണ് ഈ വര്‍ഷം ഹാജിമാര്‍ കോഴിക്കോട് തിരഞ്ഞെടുത്തത്.