
പൊന്നാനി : സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ടുവീലർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തകൃഷ്ണനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊന്നാനി മണ്ഡലത്തിലെ വിവിധ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാവാൻ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ പൊന്നാനി മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരായ സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ട് നടന്ന വൻ തട്ടിപ്പ് പുറത്ത് കൊണ്ട് വരേണ്ടതുണ്ട്. കേന്ദ്ര സർക്കാർ പദ്ധതി ആണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇ തട്ടിപ്പിന്റെ മുൻ നിരയിൽ യൂത്ത് ലീഗ് മണ്ഡലം നേതാവും മാറഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പറുമായ അഡ്വ:ബക്കർ അടക്കമുള്ള പ്രാദേശിക നേതാക്കളുടെ പങ്ക് വലുതാണ് എന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം ഈ തട്ടിപ്പിന്റെ ഭാഗമായുള്ള ടീമിന്റെ മീറ്റിംഗുകളിലും പ്രമോഷൻ പരിപാടികളിലും പങ്കെടുത്ത ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തതിൻ്റെ തെളിവുകൾ കൂടുതൽ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് അനന്തകൃഷ്ണൻ എന്ന വ്യക്തിയിൽ മാത്രം ഒതുക്കി കേസ് അന്വേഷണം അവസാനിപ്പിക്കാതെ കോടികളുടെ തട്ടിപ്പിന് പുറകിൽ പ്രവർത്തിച്ച രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്യേണ്ടതുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അഡ്വ: ബക്കർ നടത്തിയ വാർത്താ സമ്മേളനം വസ്തുതകൾ മറച്ച് വെച്ച് ജനങ്ങളെതെറ്റിദ്ധരിപ്പിക്കുന്നതും ഇരകളായ സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതുമാണ്. സംഭവത്തിൽ സമഗ്രമായ അനേഷണം വേണമെന്നാണ് എസ് ഡി പി ഐ ആവിശ്യപ്പെടുന്നത്
ബക്കർ ഉൾപെടുന്ന പാർട്ടി നേതൃത്വം നൽകുന്ന ട്രസ്റ്റുകളുടെ വരവ് ചിലവ് കണക്കുകൾ പബ്ലിക് ഓഡിറ്റിങ്ങിന് വിധേയമാക്കണം. സർക്കാർ സംവിധാനങ്ങളും അന്വേഷണ ഏജൻസികളും അലംഭാവം തുടർന്നാൽ ഇരകളെ സംഘടിപ്പിച്ച് ശക്തമായ ജനകീയ പ്രക്ഷേഭങ്ങൾക്ക് എസ് ഡി പി ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.