ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും ; മന്ത്രി വീണാ ജോര്‍ജ്ജ്

കോഴിക്കോട്: നിപയെന്ന് സംശയമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നേരത്തെ ഇതുപോലെയുള്ള മരണങ്ങള്‍ ഉണ്ടായോന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. നിപ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് മന്ത്രി.

ഇന്നലെയാണ് രണ്ട് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായതായി സര്‍ക്കാര്‍ അറിഞ്ഞത്. കളക്ടറേറ്റില്‍ അല്‍പ സമയത്തിനകം യോഗം ചേരും. നിപ സ്ഥിരീകരിക്കേണ്ടത് പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വൈകുന്നേരത്തോടെ പരിശോധനാഫലം വരുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ മരിച്ചയാള്‍ക്ക് ലിവര്‍ സിറോസിസ് എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. പിന്നീട് മരിച്ചയാളുടെ മകന് നിപ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. ഈ കുട്ടിയിപ്പോള്‍ വെന്റിലേറ്ററിലാണ്. കൂടാതെ രണ്ട് കുഞ്ഞുങ്ങളുമുണ്ട്. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളില്‍ 9വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിന്റെ സഹായത്താലാണ് ആശുപത്രിയില്‍ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസു കാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

നിപ സംശയം ഉടലെടുത്ത ഉടന്‍ ഇന്നലെ രാത്രി തന്നെ ഐസോലേഷന്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈറിസ്‌ക് കോണ്ടാക്റ്റിലുള്ള പനിയുള്ളവരെ ഐസോലേറ്റ് ചെയ്യേണ്ടി വരും. മറ്റു സ്ഥലങ്ങളിലുള്ള ഡോക്ടര്‍മാര്‍ ഇങ്ങോട്ടേക്കെത്തും. അഞ്ചുപേരുടെ സാംപിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ചാല്‍ ജില്ലയില്‍ നിയന്ത്രണണങ്ങള്‍ ഉണ്ടാവും. അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനയുടെ ഫലം വന്നാല്‍ സംസ്‌കാരം നടക്കും.

error: Content is protected !!