വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമല്ല, അതിന് അക്യൂപങ്ചര്‍ ചികിത്സയുമായി ബന്ധമില്ല ; ഇന്ത്യന്‍ അക്യൂപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍

മലപ്പുറം : ജില്ലയിലെ വീട്ടിലെ പ്രസവങ്ങള്‍ മഹാ അപരാധമായി പ്രചരിപ്പിച്ച് ജില്ലയേയും അംഗീകൃത ചികിത്സാ ശാസ്ത്രശാഖയായ അക്യൂപങ്ചറിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് ഇന്ത്യന്‍ അക്യൂപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍ (ഐ.എ.പി.എ). വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമോ നിയമപരമായി പാടില്ലാത്തതോ അല്ല. പഴയ കാലത്ത് നമ്മുടെ നാട്ടില്‍ പ്രസവങ്ങള്‍ വീട്ടില്‍ വന്ന് എടുത്തിരുന്നത് നഴ്സുമാരും നാട്ടിലെ വയറ്റാട്ടികളുമായിരുന്നു. അടുത്ത കാലത്താണ് എല്ലാ പ്രസവവും ആശുപത്രിയില്‍ വെച്ചുതന്നെ വേണമെന്ന് ആരോഗ്യവകുപ്പും അലോപ്പതി ഡോക്ടര്‍മാരും നിര്‍ബന്ധപൂര്‍വ്വം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. സാമ്പത്തിക ചൂഷണം മാത്രമായിരുന്നു ഈ പ്രചരണത്തിന് പിന്നില്‍. സിസേറിയനിലൂടെ ആശുപത്രികള്‍ വലിയ ചൂഷണമാണ് ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഏതൊരു സാധാരണക്കാരനും അറിയുന്ന നഗ്‌ന സത്യമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആശുപത്രി പ്രസവങ്ങളെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത് പ്രശസ്ത കാര്‍ഡിയോളജിസ്റ്റും രാജ്യം പത്മഭൂഷണും പത്മവിഭൂഷനും നല്‍കി ആദരിച്ച ഡോ. ബി.എം. ഹെഗ്ഡെയാണ്. അദ്ദേഹത്തിന്റെ ഈ രംഗത്തുള്ള പ്രഭാഷണങ്ങളും നിരീക്ഷണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ലഭ്യമാണ്. അദ്ദേഹത്തിന് കാര്യകാരണ സഹിതം മറുപടി പറയാന്‍ കഴിയാത്ത ഭീരുക്കളാണ് ഇപ്പോള്‍ അക്യുപങ്ചറിനെതിരെ തിരിയുന്നത്. ഇവരുടെ ദുഷ്ടലാക്ക് മനസ്സിലാക്കാന്‍ കഴിയാതെ ആരോഗ്യവകുപ്പ് അവര്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഖേദകരമാണെന്നും അവര്‍ പറഞ്ഞു.

2024 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വീടുകളില്‍ റിപ്പോര്‍ട്ട് ചെയ്ത മാതൃമരണങ്ങളെല്ലാം ഉരുള്‍പൊട്ടല്‍, ആത്മഹത്യ, കൊലപാതകം എന്നിവ മൂലമുണ്ടായതാണ്. അങ്ങിനെയെങ്കില്‍ വീടുകളിലെ യഥാര്‍ത്ഥ മാതൃമരണ നിരക്ക് പൂജ്യം ശതമാനമാണ്. ചെറിയ കാലയളവിലെ കണക്കുകള്‍ അപര്യാപ്തമാണെങ്കില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ലോകാരോഗ്യ സംഘടന പറയുന്നത് പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെയാണ് സിസേറിയന്റെ അനുവദനീയമായ നിരക്കെന്നാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രസവങ്ങളില്‍ നാല്‍പ്പത് ശതമാനവും സിസേറിയനാണ്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകളില്‍ എറണാകുളം ജില്ലയില്‍ അന്‍പത്തിമൂന്ന് ശതമാനവും മലപ്പുറത്ത് മുപ്പത്തിമൂന്ന് ശതമാനവും കാസര്‍കോഡ് ഇരുപത്തിയേഴ് ശതമാനവുമാണ് സിസേറിയന്‍ പ്രസവങ്ങള്‍. ഈ വൈരുധ്യങ്ങള്‍ക്കെല്ലാം വ്യക്തത വരുത്തി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ട്. അതിന് ആരോഗ്യവകുപ്പ് മുന്‍കയ്യെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അക്യുപങ്ചര്‍ ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട ചികിത്സാ രീതിയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതിന് പ്രത്യേകമായി റെഗുലേറ്ററി ബോര്‍ഡുകളുണ്ട്. കേരളത്തിലും കാല്‍ നൂറ്റാണ്ടിലേറെ കാലമായി ഈ ചികിത്സാ സമ്പ്രദായം പ്രചാരത്തിലുണ്ട്. മെഡിക്കല്‍ പ്രാക്ടീഷനേഴ്സിന് മാത്രമല്ല, ട്രെയിന്‍ഡ് പേഴ്സണല്‍സിനും അക്യുപങ്ചര്‍ പ്രാക്ടീസ് ചെയ്യാമെന്ന് നിരവധി കേന്ദ്രസര്‍ക്കാര്‍, കോടതി ഉത്തരവുകളുണ്ട്. ഇത് മറച്ചുവെച്ചുകൊണ്ടാണ് പലരും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നത്. 2024 ഫെബ്രുവരി 26 ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അക്യുപങ്ചര്‍ ചികിത്സകര്‍ക്ക് ആവശ്യമായ ഗൈഡ് ലൈനുകള്‍ നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുളള സാഹചര്യത്തില്‍ അക്യുപങ്ചറിനെതിരായ അവാസതവങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ഐ.എ.പി.എ സ്റ്റേറ്റ് പ്രസിഡന്റ് ഷുഹൈബ് റിയാലു, ജനറല്‍ സെക്രട്ടറി സി.കെ. സുനീര്‍, വൈസ് പ്രസിഡണ്ട് സയ്യിദ് അക്രം , എക്‌സിക്യൂട്ടീവ് മെമ്പര്‍ ജംഷീര്‍ അലി, പിആര്‍ഒ ജുനൈദ് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!