Thursday, August 14

കണ്ണമംഗലത്ത് വീട്ടമ്മയയ്ക്ക് മസ്തിഷ്‌ക ജ്വരം ; സുരക്ഷാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

വേങ്ങര : കണ്ണമംഗലത്ത് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കാപ്പിലാണ് 52കാരിയായ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് സ്ഥിരീകരിച്ചത്. രോഗി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്. രോഗ ഉറവിടം വ്യക്തമായിട്ടില്ല.

പനി ബാധിച്ച് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. കഴിഞ്ഞ 31നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് വീട്ടമ്മയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ഈ പ്രദേശത്ത് 200 വീഡുകളില്‍ സര്‍വേ നടത്തിയെങ്കിലും മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

വാര്‍ഡിലെ തോടുകള്‍, കുളങ്ങള്‍ എന്നിവയില്‍ ഇറങ്ങുന്നതും, കുളിക്കുന്നതും നീന്തുന്നതും, അലക്കുന്നതും കര്‍ശനമായി നിരോധിച്ചതായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അറിയിച്ചു.

അതേസമയം ഊരകം മലയുടെ താഴ്ഭാഗ പ്രദേശമായത് കൊണ്ട് ഈ ഭാഗത്ത് നിരവധി ജലാശയങ്ങളാണുള്ളത്. ഇവിടെയുള്ളവര്‍ കുളിക്കാനും മറ്റു പ്രഥമികാവശ്യങ്ങള്‍ക്കും ഇത്തരം ജലാശയങ്ങളെ ആശ്രയിക്കുക പതിവാണ്. ആരോഗ്യവകുപ്പ് ഈ ഭാഗത്ത് ബോധവല്‍ക്കരണവും നടത്തിവരുന്നു.

error: Content is protected !!