മരിച്ച നിലയിൽ എത്തിച്ചിട്ടും ആശുപത്രിയിലെ രേഖകളിൽ ഉൾപ്പെടുത്താത്തത് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ : പുതുക്കാട് താലൂക്ക് ആശുപത്രിയിൽ മരിച്ച നിലയിൽ ബന്ധുക്കൾ കൊണ്ടുവന്നയാളുടെ വിവരങ്ങൾ ആശുപത്രി രേഖകളിൽ ഉൾപ്പെടുത്താത്തത് സംബന്ധിച്ച് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അംഗം വി. കെ. ബീനാകുമാരിയുടേതാണ് ഉത്തരവ്.

2019 ഡിസംബർ 6 നാണ് മനോഹരൻ എന്നയാളെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്. മനോഹരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ അഞ്ചേരി കോലോത്ത് വളപ്പിൽ ശിവദാസൻ സമർപ്പിച്ച പരാതിയിലാണ് നടപടി. എന്നാൽ തൃശൂർ ജില്ലാ പോലീസ് മേധാവി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹതയില്ലെന്ന് മൂത്ത സഹോദരൻ മൊഴി നൽകിയിട്ടുള്ളതായി പറയുന്നു. എന്നാൽ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് പരാതിക്കാരൻ വാദിച്ചു. തുടർന്ന് കമ്മീഷന്റെ മുഖ്യ അന്വേഷൻ ഉദ്യോഗസ്ഥനെ കമ്മീഷൻ അന്വേഷണത്തിന് ചുമതലപ്പെടുത്തി.

2019 ഡിസംബർ 6 ന് നെഞ്ചുവേദനയെ തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിയ മനോഹരനെ ഇ. സി. ജി. യിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തതായി കമ്മീഷൻ കണ്ടെത്തി. ജില്ലാ ആശുപത്രിയിൽ ചെന്നെങ്കിലും ഭാര്യ ഒപ്പം ഇല്ലാത്തതിനാൽ ആശുപത്രിയിൽ കിടത്തി ചികിത്സ നടത്താൻ മനോഹരൻ വിസമ്മതിച്ചു. തുടർന്ന് വീട്ടിലേയ്ക്ക് പോയ മനോഹരന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. അയൽക്കാരും മരുമകനും ചേർന്ന് ഓട്ടോറിക്ഷയിൽ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയിൽ മരണം സംഭവിച്ചു.

മരിച്ചു കൊണ്ടുവന്നാൽ ആശുപത്രി രേഖകളിൽ ഉൾപ്പെടുത്തി പോലീസിനെ അറിയിക്കണമെന്നാണ് ചട്ടം . പോലീസാണ് മറ്റ് നടപടിക്രമങ്ങൾ നടത്തേണ്ടത്. 2019 ഡിസംബർ 6 ന് നൈറ്റ് ഡ്യൂട്ടിയിലുള്ള ഡോക്ടർ ചികിത്സാ രേഖകൾ പരിശോധിച്ചും ബന്ധുക്കളുടെ അഭിപ്രായം ചോദിച്ചും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അതിനാൽ ആശുപത്രിയിൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. മരണസ്ഥലം വീട് എന്നാണ് പഞ്ചായത്തിന്റെ രേഖയിലുള്ളത്. ഇത്തരത്തിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്താതെ ആശുപത്രിയിൽ സംഭവിച്ച വീഴ്ച അന്വേഷിക്കണമെന്നാണ് അന്വേഷണവിഭാഗം നൽകിയ ശുപാർശ. ഇക്കാര്യം കമ്മീഷൻ അംഗീകരിച്ചു.

error: Content is protected !!