കോഴിക്കോട്: വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതു കാരണം മലബാറിലെ ഹ്രസ്വദൂര യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ്. പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍15 ദിവസത്തിനകം യാത്രാകേശം പരിശോധിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ മുതല്‍ ഷൊര്‍ണൂര്‍ വരെ ദിവസേനെ ട്രെയിനുകളെ ആശ്രയിക്കുന്ന ആയിരകണക്കിന് യാത്രക്കാരാണ് കഴിഞ്ഞ രണ്ടു മാസമായി ദുരിതത്തിലായത്. സമയത്തിന് എത്താന്‍ കഴിയാത്തതിന് പുറമേ ട്രെയിനുകളില്‍ യാത്രക്കാര്‍ ബോധരഹിതരായി വീഴുന്നു. ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വൈകിട്ട് 3.50 ന് കോഴിക്കോടെത്തുന്ന പരശുറാം 5 നാണ് പുറപ്പെടുക. ട്രെയിന്‍ വിടാറാകുമ്പോള്‍ 3.50 ന് കയറിയവര്‍ കുഴഞ്ഞു വീഴുന്ന അവസ്ഥയിലാവും.രാവിലെ 7.57 ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന വന്ദേ ഭാരതിന് വേണ്ടി കണ്ണൂര്‍ -കോഴിക്കോട് പാസഞ്ചര്‍ പിടിച്ചിടുന്നത് പതിവാണ്. പരശുറാം സ്ഥിരമായി വൈകിയോടാറുണ്ട്. വന്ദേഭാരത് ഇല്ലാത്ത ദിവസങ്ങളിലും വൈകിയോടല്‍ പതിവാണ്.
കാസര്‍കോട്ടേക്കുള്ള വന്ദേ ഭാരതിന് വേണ്ടി ജനശദാബ്ദി, ഏറനാട്, വിവിധ സ്‌പെഷ്യല്‍ ട്രെയിനുകള്‍ എന്നിവയും പിടിച്ചിടാറുണ്ട്. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് കോഴിക്കോടെത്തുന്നത് രാത്രി വൈകിയാണ്.ആലപ്പുഴ വഴിയുള്ള വന്ദേ ഭാരതിന് വേണ്ടി തിരുവനന്തപുരത്തേക്കുള്ള നേത്രാവതി കാഞ്ഞങ്ങാടും പരശുറാം കോഴിക്കോടും പിടിച്ചിടും. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.