കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ഭര്‍ത്താവിന്റെ ബന്ധു അറസ്റ്റില്‍. ആത്മഹത്യ ചെയ്ത ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതൃസഹോദരന്‍ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ശബ്‌ന ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം, മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്തിരുന്ന കേസിന്റെ അന്വേഷണം കഴിഞ്ഞ ദിവസം വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദ് ഏറ്റെടുത്തു. സ്ത്രീധന പീഡന നിയമം (498 എ) വകുപ്പു കൂടി കേസില്‍ ഉള്‍പ്പെടുത്തി. ഭര്‍തൃവീട്ടില്‍ വച്ച് ഭര്‍ത്താവ് ഹബീബിന്റെ ബന്ധു ഹനീഫ് ഷബ്‌നയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിനു പിന്നാലെ ഷബ്‌നയുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് കൂടുതല്‍ മൊഴിയെടുത്തിരുന്നു.
ഭര്‍തൃവീട്ടിലെ നിരന്തര പീഡനമാണ് ഷബ്‌ന തൂങ്ങി മരിക്കാന്‍ ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി. അരൂരില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് ഷബ്‌നയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കര്‍മ സമിതി രൂപവല്‍ക്കരിച്ചിട്ടുണ്ട്. 2010ല്‍ വിവാഹിതയായ ഷബ്‌നയ്ക്കും ഭര്‍ത്താവിനും കുട്ടിക്കും താമസിക്കാന്‍ വീടു വാങ്ങിച്ചു നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു ഷബ്‌നയുടെ വീട്ടുകാര്‍.