അഹമ്മദാബാദ്: ഒന്‍പത് മാസം മുന്‍പ് ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ശേഷം തിരിച്ചു വീട്ടിലെത്തിയതിനു പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഗുജറാത്ത് വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് ജീവനൊടുക്കിയത്. ഗാന്ധിനഗറിലെ സെക്ടര്‍ 19 ലാണ് സംഭവം നടന്നത്.
രഞ്ജിത് കുമാറുമായി അകന്നു കഴിയുകയായിരുന്ന സൂര്യ 9 മാസം മുമ്പ് ഗുണ്ടാനേതാവായ മഹാരാജ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം സൂര്യ രഞ്ജിത്തിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും വീട്ടില്‍ പ്രവേശിപ്പിക്കരുതെന്നു രഞ്ജിത് ജോലിക്കാര്‍ക്കു നിര്‍ദേശം നല്‍കി. ഇതോടെ വിഷം കഴിച്ച സൂര്യ 108 ആംബുലന്‍സ് വിളിക്കുകയായിരുന്നു. പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് തമിഴ്‌നാട് സ്വദേശിനിയായ സൂര്യ. സൂര്യ തിരിച്ചുവന്നപ്പോള്‍ ഭര്‍ത്താവ് രഞ്ജീത് കുമാര്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. മധുരയില്‍ 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ തമിഴ്‌നാട് പൊലീസിന്റെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനാകാം സൂര്യ തിരിച്ച് ഗുജറാത്തില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു.
സൂര്യയും രഞ്ജീത്തും 2023 മുതല്‍ അകന്നുകഴിയുകയാണെന്ന് ഐഎഎസ് ഓഫീസറുടെ അഭിഭാഷകന്‍ ഹിതേഷ് ഗുപ്ത പറഞ്ഞു. വിവാഹ മോചന ഹര്‍ജിയും നല്‍കിയിട്ടുണ്ട്. വീട്ടില്‍ പ്രവേശിപ്പിക്കാതിരുന്നത് പിന്നാലെ വിഷം കഴിച്ച ശേഷം യുവതി തന്നെ ആംബുലന്‍സ് വിളിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
‘മഹാരാജ ഹൈക്കോര്‍ട്ട്’ എന്ന പേരില്‍ അറിയപ്പെടുന്ന ഗുണ്ടാനേതാവിനൊപ്പമാണ് ഒന്‍പത് മാസം മുന്‍പ് സൂര്യ ഒളിച്ചോടിയത്. ഇയാള്‍ക്കും സൂര്യക്കും സഹായി സെന്തില്‍ കുമാറിനുമെതിരെ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുണ്ട്. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പിന്നാലെയാണ് ജൂലായ് 11 ന് തട്ടിക്കൊണ്ടുപോയത്. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ സൂര്യ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. അതിനിടെയാണ് സൂര്യ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയത്. യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഐഎഎസ് ഓഫീസര്‍ തയ്യാറായില്ല.
സൂര്യ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. രാജ തന്നെ കെണിയില്‍പ്പെടുത്തിയതാണെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ താന്‍ നിരപരാധിയാണെന്നും കുറിപ്പില്‍ പറയുന്നു. തന്റെ ഭര്‍ത്താവ് നല്ലയാളാണെന്നും താനില്ലാത്തപ്പോഴും കുട്ടികളെ നല്ല രീതിയില്‍ പരിപാലിച്ചെന്നും കുറിപ്പിലുണ്ട്.