Monday, October 12

എംഎൽഎയുടെ അനുഭവ സമ്പത്ത് മുതൽകൂട്ടാകുന്നു; യുവസംരംഭകർക്ക് ബിസിനസ് ക്ലാസുമായി പിഎംഎ സമീർ

എം.എൽ.എയുടെ ബിസിനസ് പരിചയം തിരൂരങ്ങാടിക്ക് തണലാവുന്നു; ‘സ്‌കെയിൽ അപ്പ്’ സംഗമം യുവ സംരംഭകർ ഏറ്റെടുത്തു

തിരൂരങ്ങാടി: സ്വന്തം അനുഭവങ്ങളും ബിസിനസ് മികവും മണ്ഡലത്തിലെ സംരംഭകരുടെ വളർച്ചയ്ക്കായി പങ്കുവെക്കാൻ എം.എൽ.എ തന്നെ നേരിട്ട് രംഗത്തിറങ്ങിയപ്പോൾ തിരൂരങ്ങാടിക്ക് അത് വേറിട്ടൊരു അനുഭവമായി. എം.എൽ.എ. ഡെവലപ്പ്മെന്റ് ഹബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്‌കെയിൽ അപ്പ് യുവർ ബിസിനസ്’ സംഗമം വൻ വിജയമായതോടെ, പ്രൊഫഷണൽ ബിസിനസ് മാനേജ്‌മെന്റിലേക്കുള്ള തിരൂരങ്ങാടിയുടെ മാറ്റത്തിന് പുതിയൊരു തുടക്കമാവുകയാണ്.
വിജയിച്ച ഒരു വ്യവസായിയും ബിസിനസ്സുകാരനുമെന്ന നിലയിലുള്ള തന്റെ അനുഭവസമ്പത്ത് നാടിന്റെ വികസനത്തിനും യുവ സംരംഭകരുടെ വളർച്ചയ്ക്കുമായി ഉപയോഗപ്പെടുത്തുകയാണ് പി. എം. എ. സമീർ എം.എൽ.എ. ചെറുപ്പകാലത്ത് തെരുവിൽ കടല വിറ്റുനടന്ന തന്റെ ബാല്യകാല ഓർമ്മകൾ പരിപാടിയിൽ പങ്കുവെച്ച എം.എൽ.എ., കഠിനാധ്വാനത്തിലൂടെയും കൃത്യമായ സിസ്റ്റത്തിലൂടെയും ബിസിനസിനെ എങ്ങനെ ഉയരങ്ങളിലേക്ക് നയിക്കാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായി മാറുകയാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
തൊഴിൽ തേടുന്നവർക്ക് പുറമെ തൊഴിൽ നൽകുന്ന സംരംഭകരെ വാർത്തെടുക്കുക, പ്രാദേശിക ബിസിനസ്സുകളെ പ്രൊഫഷണൽ മാനേജ്‌മെന്റ് കാഴ്ചപ്പാടുകളോടെ ആഗോള വിപണിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡെവലപ്പ്മെന്റ് ഹബ്ബ് ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയത്. സ്വന്തം അനുഭവത്തിൽ നിന്നുള്ള തിരിച്ചറിവുകൾ മണ്ഡലത്തിലെ ചെറുതും വലുതുമായ വ്യാപാരികൾക്ക് പകർന്നു നൽകാൻ ജനപ്രതിനിധി തന്നെ മുന്നിട്ടിറങ്ങിയത് നാടിന് വലിയൊരു തണലാവുകയാണ്.
തിരൂരങ്ങാടിയിലെ യുവ സംരംഭകരും വ്യാപാരികളും ഏറെ ആവേശത്തോടെയും കൈനീട്ടിയുമാണ് എം.എൽ.എ.യുടെ ഈ നവീന ആശയത്തെ സ്വീകരിച്ചത്. പ്രൊഫഷണൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ക്ലാസുകളും സംശയനിവാരണ വേളകളും തങ്ങളുടെ ബിസിനസ് രീതികളെ ആധുനികവത്കരിക്കാൻ വലിയ രീതിയിൽ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ വ്യാപാരി സമൂഹം. ജനപ്രതിനിധിയുടെ ബിസിനസ് പശ്ചാത്തലം നാട്ടിലെ സാധാരണക്കാരായ സംരംഭകർക്ക് ഇങ്ങനെ ഗുണകരമായി മാറുന്നത് തിരൂരങ്ങാടിയുടെ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറുകയാണ്.

photo
‘സ്‌കെയിൽ അപ്പ് യുവർ ബിസിനസ്’ പരിപാടിയിലെ നിറഞ്ഞ സദസ്സ്