വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് ഗവേഷണ ബിരുദം (പി.എച്ച്.ഡി.) നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാല. ഇതുള്‍പ്പെടെ ഗവേഷണ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാകുന്ന ‘ ഗവേഷണ നിയമാവലി 2023 ‘ അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചു. അടുത്ത പി.എച്ച്.ഡി. പ്രവേശനം മുതല്‍ പുതിയ നിയമാവലി ബാധകമാകും. നാലുവർഷ ബിരുദം നടപ്പാക്കുമ്പോൾ ഹോണേഴ്‌സ് ഡിഗ്രിയ്‌ക്കൊപ്പം ഗവേഷണത്തിന് കൂടി പ്രാധാന്യം നൽകുന്നത് കണക്കിലെടുത്ത് യു.ജി. പഠനവകുപ്പുകളുള്ള അഫിലിയേറ്റഡ് കോളേജുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഗവേഷണ കേന്ദ്രങ്ങള്‍ അനുവദിക്കും.
പ്രധാന മാറ്റങ്ങള്‍
- നാക് എ ഗ്രേഡുള്ള സ്വാശ്രയ കോളേജുകളിൽ നിബന്ധനകള്‍ക്ക് വിധേയമായി ഗവേഷണ കേന്ദ്രങ്ങള്‍ അനുവദിക്കും.
- സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഗവേഷണ കേന്ദ്രം അനുവദിക്കും.
- സ്വാശ്രയ കോളേജുകളിലെ അധ്യാപകര്‍ക്ക് യോഗ്യതയും മറ്റുമാനദണ്ഡങ്ങളുമനുസരിച്ച് ഗവേഷണ ഗൈഡ്ഷിപ്പ് നല്‍കും.
- എമിരറ്റസ് പ്രൊഫസര്‍മാരെ ഗവേഷണ ഗൈഡാക്കും
- മള്‍ട്ടി ഡിസിപ്ലിനറി ഗവേഷണ കേന്ദ്രങ്ങള്‍ അനുവദിക്കും
- സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ലൈബ്രേറിയന്‍മാര്‍, വ്യവസായ മേഖലകളിലെ ഗവേഷണ-വികസന വിഭാഗങ്ങളിലുള്ള (ആര്‍ ആന്റ് ഡി) സയന്റിസ്റ്റുമാര്‍, ഇന്ത്യക്ക് പുറത്ത് വിദ്യാഭ്യാസ-ഗവേഷണ മേഖലയിലുള്ള പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് പാര്‍ട്ട് ടൈം പി.എച്ച്.ഡിക്ക് അനുമതി.