പെരുവള്ളൂർ : കാടപ്പടിയിൽ നിന്ന് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച വാഹനം മൈസൂരിൽ അപകടത്തിൽ പെട്ട സംഭവത്തിൽ മരണം രണ്ടായി. കാടപ്പടി സ്വദേശി കെ.പി. മുഹമ്മദ് കോയയുടെ മകൻ കെ.പി. ശബീബ് (22) ആണ് മരിച്ചത്. ഇന്നലെ കാടപ്പടി എഴുവത്തും കാട്ടിൽ ഗഫൂറിന്റെ മകൻ ഫാഹിദ് (20) മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശബീബ് ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ മരണപ്പെട്ടു.
മൈസൂർ നെഞ്ചങ്കോട് റൂട്ടിൽ ടോൾ ഗേറ്റിനു സമീപത്താണ് അപകടം ഉണ്ടായത്. പെരുവള്ളൂർ കാടപ്പടിയിൽ നിന്നും വിനോദയാത്ര പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 2 വാഹനങ്ങളിൽ 11 പേരാണ് വിനോദയാത്ര പോയിരുന്നത്. ഇതിൽ ഒരു വണ്ടിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ശനീഹ് നെയ്യൻ (26), റഹീസ് അലി (20), അർഷദ് (20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജെ എസ് എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂർ കെ എം സി സി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടത്തി വരുന്നുണ്ട്.