മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ മോഷ്ടാവിനെ കണ്ട് നിലവിളിച്ചു ; പെരിന്തല്‍മണ്ണയില്‍ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയില്‍. കുന്നക്കാവ് വടക്കേക്കരയില്‍ പോത്തന്‍കുഴില്‍ കല്യാണി (75) ക്കാണ് വെട്ടേറ്റത്.പേരമകളോടൊപ്പം താമസിക്കുകയായിരുന്നു വയോധിക. വൈദ്യുതിയില്ലാത്ത സമയം രാത്രിയില്‍ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവിനെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ കണ്ട് ഉറക്കെ നിലവിളിച്ചപ്പോള്‍ മോഷ്ടാവ് കല്യാണിയമ്മക്ക് നേരെ നീളമുള്ള കത്തി വീശുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാവ് ഇറങ്ങി ഓടി. കല്യാണിയമ്മക്ക് നെറ്റിയില്‍ നീളത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

തലനാരിഴക്കാണ് കല്യാണി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച പകല്‍ ഒരാള്‍ വീട്ടില്‍ പിരിവിനു വന്നിരുന്നെന്നും ഇക്കാര്യം പൊലീസിനോട് സൂചിപ്പിച്ചിട്ടുണ്ടെന്നും കല്യാണിയമ്മ പറയുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമടക്കം എത്തി തെളിവെടുപ്പ് നടത്തി.

error: Content is protected !!