സുസ്ഥിര ജീവിതത്തിനായുള്ള കണ്ടുപിടിത്തങ്ങളാണ് ആളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതെന്ന് പത്മശ്രീ ഡോ. പ്രദീപ് തലാപ്പില്‍ പറഞ്ഞു. ‘ സുസ്ഥിരതയ്ക്കായി ആധുനിക പദാര്‍ഥങ്ങള്‍ ‘ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വിഷയങ്ങളില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ താന്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കുടിവെള്ള ശുദ്ധീകരണത്തിനായുള്ള കണ്ടെത്തലാണ് ആളുകള്‍ തിരിച്ചറിഞ്ഞതും സ്വീകരിച്ചതും. ആളുകള്‍ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളെയാണ് ഗവേഷകര്‍ അഭിസംബോധന ചെയ്യേണ്ടത്. അങ്ങനെയുള്ള നേട്ടങ്ങളാണ് കൂടുതല്‍ ആഘോഷിക്കപ്പെടുക എന്നും ഡോ. പ്രദീപ് പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നാനോ സയന്‍സ് വകുപ്പ് മേധാവി ഡോ. സിന്ധു അധ്യക്ഷത വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ജപ്പാനിലെ ഹൊക്കൈഡോ സര്‍വകലാശാലാ പ്രൊഫസര്‍ ഡോ. വാസുദേവന്‍ ബിജു, തിരുവനന്തപുരം ഐസറിലെ ഡോ. സുരേഷ് ദാസ്, സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പ് മേധാവി ഡോ. രാജീവ് എസ്. മേനോന്‍, ഫിസിക്‌സ് വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, ഭട്‌നകര്‍ അവാര്‍ഡ് ജേതാക്കള്‍, ഇന്റര്‍നാഷണല്‍ പിയര്‍ റിവ്യൂഡ് ജേര്‍ണലുകളുടെ എഡിറ്റര്‍മാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ പേപ്പറുകള്‍ക്കും പോസ്റ്ററുകള്‍ക്കും റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയും നേച്ചറും അവാര്‍ഡുകള്‍ നല്‍കും. 23-നാണ് സമാപനം.