മലപ്പുറം : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങള്‍തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്.
332 ഹോട്ടലുകള്‍, 276 കൂള്‍ബാറുകള്‍, 23 കാറ്ററിംഗ് സെന്ററുകള്‍, 210 ബേക്കറികള്‍, എട്ട് ഐസ് പ്ലാന്റുകള്‍, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകള്‍, ഒമ്പത് സോഡാ നിര്‍മാണ യൂണിറ്റുകള്‍, 22 സ്വകാര്യ കുടിവെള്ള ടാങ്കുകള്‍, 13 ഐസ്‌ക്രീം യൂണിറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനുമായി 41 ഹോട്ടലുകള്‍ക്കും 23 കൂള്‍ബാറുകള്‍ക്കും അഞ്ച് കാറ്ററിംഗ് സെന്ററുകള്‍ക്കും, 13 ബേക്കറികള്‍ക്കും രണ്ട് ഐസ്പ്ലാന്റുകള്‍ക്കും നോട്ടീസ് നല്‍കി.
നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഇടങ്ങളില്‍ വിവിധ ഇനങ്ങളിലായി 53,200 രൂപ പിഴയീടാക്കുകയും ചെയ്തു. പരിശോധനക്ക് ജില്ലയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ നേതൃത്വം നല്‍കി.