
തിരൂരങ്ങാടി: കാഴ്ചക്കുറവുള്ള സഹോദരിക്കും മാനസിക തകരാറുള്ള സഹോദരനും അർഹതപ്പെട്ട ഭൂമിയിൽ ബന്ധുക്കൾ നടത്തിയ കൈയേറ്റം മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്ന് ഒഴിപ്പിച്ച് ഭൂമി പരാതിക്കാർക്ക് കൈമാറി. മുന്നിയൂർ വെളിമുക്ക് പടിക്കൽ പൂവാട്ടിൽ കെ. ഹാജറക്കും സഹോദരനുമാണ് അവർക്ക് അർഹതപ്പെട്ട ഭൂമി ലഭിച്ചത്.
മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ ആധാരം തിരൂരങ്ങാടി തഹസിൽദാർ ഈ മാസം 16 ന് ഹാജറക്ക് കൈമാറി.
തിരൂരങ്ങാടി താലൂക്കിലെ മുന്നിയൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 07, റീസർവേ 158/8 ഉൾപ്പെട്ട 7. 68 സെൻ്റ് സ്ഥലമാണ് ഹാജറക്കും സഹോദരനും ലഭ്യമായത്. ഈ ഭൂമിയിൽ ബന്ധുക്കൾ വ്യാജരേഖ ചമച്ച് നികുതി അടച്ച് പട്ടയം നേടിയതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു.