അപ്രന്റീസ് നഴ്സുമാരെ നിയമിക്കുന്നു, റാങ്ക് പട്ടിക റദ്ദായി ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അപ്രന്റീസ് നഴ്സുമാരെ നിയമിക്കുന്നു

ജില്ലാ, താലൂക്ക്, സി.എച്ച്.സി ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് അപ്രന്റീസ് നഴ്‌സായി നിയമിക്കപ്പെടുന്നതിന് മലപ്പുറം ജില്ലയിലെ യോഗ്യരായ പട്ടികജാതി യുവതി-യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്ത് ബി.എസ്.സി നഴ്‌സിങ്, ജനറൽ നഴ്‌സിങ് വിജയിച്ചവരും കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ 35 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ പൂർണമായി പൂരിപ്പിച്ച അപേക്ഷ ജാതി,വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് മാർച്ച് ആറിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734901.

————-

ക്വട്ടേഷൻ ക്ഷണിച്ചു

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ബ്ലഡ് സെന്ററിലേക്ക് 2024-25 സാമ്പത്തിക വർഷത്തിലേക്ക് റീഏജന്റുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് റണ്ണിങ് റേറ്റ് ക്വട്ടേഷൻ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിലുള്ള ക്വട്ടേഷനുകൾ സാമ്പിൾ സഹിതം മാർച്ച് നാലിന് ഉച്ചയ്ക്ക് 12ന് മുമ്പായി സൂപ്രണ്ട്, ബ്ലഡ് സെന്റർ, ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ, പിൻ: 679322 എന്ന വിലാസത്തിൽ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30ന് ക്വട്ടേഷൻ തുറക്കും.

————-

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് നാളെ

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് നാളെ (ഫെബ്രുവരി 23) രാവിലെ 11ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ പ്ലാനിങ് മിനി കോൺഫറൻസ് ഹാളിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

————

റാങ്ക് പട്ടിക റദ്ദായി

മലപ്പുറം ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II (കാറ്റഗറി നം 132/18) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2020 ഡിസംബര്‍ 23 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (റാങ്ക് പട്ടിക നം. 484/2020/ ‍ഡി.ഒ.എം) കാലാവധി പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 2023 ഡിസംബര്‍ 22 ന് റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

———-

ക്വട്ടേഷന്‍ ക്ഷണിച്ചു

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നാല് മുതല്‍ ഏഴ് വരെ മലപ്പുറം ടൗണ്‍ ഹാളില്‍ വെച്ച് നടത്തുന്ന ജില്ലാതല ഉത്പന്ന പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രചാരണത്തിനായി ബോര്‍ഡുകള്‍, ബാനറുകള്‍, നോട്ടീസുകള്‍ എന്നിവ പ്രിന്റ് ചെയ്യല്‍, വാഹന പ്രചരണം നടത്തുന്നതിനും, സ്റ്റേജ് പരിപാടികള്‍ക്കും ഉദ്ഘാടന ചടങ്ങിന് സൗണ്ട് സിസ്റ്റം, പന്തല്‍, സുരക്ഷാ ക്രമീകരണം എന്നിവയ്ക്കാണ് ക്വട്ടേഷന്‍. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസില്‍ നേരിട്ട് ക്വട്ടേഷന്‍ നല്‍കണം. ഓരോന്നിനും വെവ്വേറെയായാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0483237405

——————–

ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് നാളെ മുതൽ

ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ലാ സഹവാസ ക്യാമ്പ് നാളെ മുതൽ (ഫെബ്രുവരി 24, 25 ) ജി.എച്ച്.എസ്.എസ് തുവ്വൂർ സ്‌കൂളിൽ നടക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് ഹാളിൽ ഒത്തുചേരൽ, ലാബ് പ്രവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ, 3-ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. 25ന് കുട്ടികളുടെ പ്രോജക്ട് പ്രദർശനവും കൈറ്റ് സി.ഇ.ഒയും വിദ്യാഭ്യാസ മന്ത്രിമായുള്ള ഓൺലൈൻ ആശയവിനിമയവും ഉണ്ടായിരിക്കും.

———————-

ഗതാഗതം നിരോധിച്ചു

പൂക്കോട്ടുപാടം – മൈലാടി പാലം റോഡില്‍ കൂറ്റമ്പാറ ജങ്ഷന്‍ മുതല്‍ തൊണ്ടിയില്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 23 പുലര്‍ച്ചെ മൂന്ന് മുതല്‍ ഫെബ്രുവരി 24ന് രാത്രി ഒമ്പത് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. നിലമ്പൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ രാമന്‍കുത്ത് – അടിപ്പാത – കൂറ്റമ്പാറ റോഡ് വഴിയും പൂക്കോട്ടുപാടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കരുളായി – നിലമ്പൂര്‍ വഴിയും പോവണം.

error: Content is protected !!