ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുക ; മുന്നറിയിപ്പുമായി കേരള പൊലീസ്

Copy LinkWhatsAppFacebookTelegramMessengerShare

തിരുവനന്തപുരം : സംസ്ഥാനത്ത് ദിനംപ്രതി ഹണി ട്രാപ്പ് കേസുകളില്‍ പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നും വരുന്ന ഒരു വീഡിയോ കോളുകളാണ് പലപ്പോഴും ആപത്തില്‍ ചെന്നെത്തിക്കുന്നത്. ഇത്തരത്തില്‍ ഹണി ട്രാപ്പില്‍പ്പെടുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുകയെന്നാണ് പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

അറിയാത്ത നമ്പറില്‍ നിന്നും വീഡിയോ കോള്‍ വരുന്നത് എടുക്കുമ്പോള്‍ മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുമെന്നും പൊലീസ് പറയുന്നു.

സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയും. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുത്. തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിച്ചാല്‍ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും കേരള പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!