
കൊല്ലം: സ്‌കൂള്‍ കലോല്‍സവത്തില്‍ അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ജേതാക്കള്‍. കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. അവസാന ദിവസം 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. കോഴിക്കോടിന് 949 പോയിന്റാണ് നേടാനായത്. ഇന്നലെ മത്സരം അവസാനിച്ചപ്പോള്‍ കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണ് ഉണ്ടായിരുന്നത്. പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.
ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സ്വര്‍ണക്കപ്പ് കണ്ണൂരിലേക്ക് എത്തുന്നത് 23 വര്‍ഷത്തിന് ശേഷമാണ്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു.
പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ് ഗുരുകുലം ഹയര്‍സെക്കൻഡറി സ്‌കൂള്‍ (249 പോയിന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളാണ് (116 പോയിന്റ്) രണ്ടാം സ്ഥാനത്ത്.