Tuesday, October 14

കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിക്ക്‌ സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന’ പുരസ്കാരം


തിരൂരങ്ങാടി : രാഷ്ട്രീയ ഹാസ്യകഥാപ്രസംഗ രംഗത്തെ നിറസാന്നിധ്യമായ തൃക്കുളം കൃഷ്ണൻകുട്ടിക്ക്‌ സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന’ പുരസ്കാരം. പൂതംകളി കലാരംഗത്തെ അമ്പലപടിക്കൽ നാരായണനോടൊപ്പമാണ് കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിയും അവാർഡിനർഹനായത്. കലാ സാഹിത്യ സാംസ്‌കാരിക മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ളവർക്കാണ് ഈ അവാർഡ് നൽകുന്നത്. 1972–ലാണ് രാഷ്ട്രീയ ഹാസ്യകഥാപ്രസംഗ രംഗത്ത് എത്തിയത്. കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായി പതിനയ്യായിരത്തിലേറെ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. ബീരാൻ കാക്കയും രാമനും തമ്മിൽ ഗ്രാമീണ പശ്ചാത്തലത്തിലെ ചായക്കടയിൽവച്ചു നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളാണ് കഥാപ്രസംഗങ്ങളിലെ ഉള്ളടക്കം. രാഷ്ട്രീയ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുള്ള അവതരണം സദസ്സിനെ കയ്യിലെടുക്കും. 1972–ൽ കേന്ദ്ര സർക്കാർ കേരളത്തിന് അരി തടഞ്ഞപ്പോൾ സംസ്ഥാനത്തുനിന്നുള്ള നിവേദക സംഘം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കാണാൻ പോയ സംഭവം ‘ഡൽഹി ദൗത്യം’ എന്ന പേരിൽ കഥാപ്രസംഗമാക്കിയാണ് അരങ്ങേറ്റം. ബാബ്റി മസ്ജിദ് തകർത്തതിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘പ്രതിക്കൂട്ടിൽ’ എന്ന കഥാപ്രസംഗവും ഹിറ്റായിരുന്നു. സിനിമകളിലും മുഖംകാണിച്ചിട്ടുണ്ട്. സി പി എമ്മിന്റെ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ്.

ദേശീയനേതാക്കൾ വരെ ഇദ്ദേഹത്തിന്റെ കഥാപ്രസംഗം ആസ്വദിച്ചിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി ജീവിതം സമർപ്പിച്ച ഇദ്ദേഹത്തിന് വൈകി ലഭിച്ച അംഗീകാരം ആണ് ഇതെന്നാണ് പ്രവർത്തകർ പറയുന്നത്.

അനാരോഗ്യംമൂലം പരിപാടികളിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും അവസരങ്ങൾ ലഭിക്കുന്ന വേദികളിലെല്ലാം ഇന്നും പാട്ടുകൾ പാടി സമ്പന്നമാക്കും കൃഷ്ണൻകുട്ടി. സീനിയർ സിറ്റിസൻ ജില്ല സമിതി അംഗമാണ്.

തിരൂരങ്ങാടിക്ക് സമീപം കരിമ്പിലാണ് താമസം. പരേതയായ മാധവിക്കുട്ടിയാണ് ഭാര്യ. മക്കൾ: വിക്രമൻ, വിജയൻ, വാണിജയശ്രീ, വസന്ത, പരേതനായ വിനോദ്.

error: Content is protected !!