
പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി
വൈലത്തൂർ : രാജ്യത്തെ തന്നെ മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉന്നതിയിലേക്ക് എത്തിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്‌കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം പഞ്ചായത്തുകളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതും അവര്‍ കൃത്യമായ വികസന മേഖലകള്‍ ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ നടപ്പിലാക്കിയതു കൊണ്ടാണ് സമഗ്ര വിദ്യാഭ്യാസ പുരോഗതി സംസ്ഥാനത്തിന് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
6.72 കോടി ചെലവിലാണ് പുതിയ ഹൈടെക് കെട്ടിടം നിര്‍മിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അഭാവത്തിലാണ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ശിലാസ്ഥാപന കര്‍മം നടത്തിയത്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന് അധ്യക്ഷത വഹിച്ചു. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കുണ്ടില്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. നിയാസ്, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്സണ്‍ സക്കീന, മലപ്പുറം-പാലക്കാട് ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എം അനില്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍,വാര്‍ഡ് അംഗം സുബ്രഹ്‌മണ്യന്‍, പൊന്മുണ്ടം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി പി അബ്ദുറഹിമാന്‍, പിടിഎ പ്രസിഡന്റ് ആര്‍ അബ്ദുല്‍ ഖാദര്‍, തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി പദ്ധതി അവതരണം നടത്തി. ഏറെക്കാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാറിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. 150 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ഭൗതിക അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയായിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഒരു ഏക്കര്‍ സ്‌കൂളിനായി വാങ്ങിയെങ്കിലും ഭൂമി തരം മാറ്റല്‍ സാധ്യമാകാതെ കിടന്നു. തുടര്‍ന്ന് 2023 ല്‍ മണ്ണിട്ട് നികത്താനുള്ള അനുമതി ലഭ്യമായി. ഇതോടെയാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്.