ഇത് സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടി ; കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി. കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജന്തര്‍മന്തറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. പ്രതിഷേധം ഉച്ചവരെ തുടരും. എന്‍ഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നല്‍കിയിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. ആകെ 7490 കോടി രൂപ ലഭിക്കാനുണ്ട്. ജനാധിപത്യ രീതിയിലൂടെ അധികാരത്തില്‍ എത്തിയ സര്‍ക്കാരുകള്‍ക്ക് അവരുടെ നയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കണം. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവന്‍ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാന്‍ഡ് ചെയ്യുന്നത് അനുവദിക്കാന്‍ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നല്‍കില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തില്‍ കുറവുകള്‍ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷന്റെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിന്റെ വിഹിതം കുത്തനെ കുറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!