അനുഭവ തീക്ഷ്ണതയില്ലാത്തവര്‍ക്കും സാഹിത്യം നിര്‍മിക്കാവുന്ന തരത്തില്‍ സാഹിത്യത്തില്‍ കുത്തകവത്കരണം ഉണ്ടാകുന്നതായി സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണപരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിപണിയില്‍ വിറ്റുപോകുന്ന സാഹിത്യമാണ് മഹത്തരമെന്ന് പ്രചാരണം നടക്കുന്നുണ്ട്. പുതിയ കാലത്ത് വീണ്ടും വീണ്ടും വൈക്കം മുഹമ്മദ് ബഷീര്‍ പ്രസക്തനായി വരുന്നത് അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളും തീക്ഷ്ണങ്ങളുമായ അനുഭവങ്ങള്‍ കാരണമാണ്. ബഷീര്‍ കൃതികള്‍ വായിക്കുമ്പോള്‍ ആ കൃതിയില്‍ മാത്രമല്ല അതിനപ്പുറത്തേക്കും നമ്മുടെ മനസ്സിന് പോകാന്‍ കഴിയുന്നുണ്ടെന്നും രാമനുണ്ണി പറഞ്ഞു.
മലയാള പഠനവകുപ്പിലെ പ്രൊഫസര്‍ ഡോ. പി. സോമനാഥന്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. വി.എം. വിനോദ് അധ്യക്ഷത വഹിച്ചു. ഡോ. ആര്‍സു, വി. ഷാജി, ഹയറുന്നീസ തുടങ്ങിയവര്‍ സംസാരിച്ചു.