
തിരൂരങ്ങാടി: കാര്‍ഷിക കേരഗ്രാമം പദ്ധതിയില്‍ തിരൂരങ്ങാടി നഗരസഭയെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതായി കെ.പി.എ മജീദ് എം.എല്‍.എ അറിയിച്ചു. കേരകര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പദ്ധതിയാണിത്. വിവിധ ആനുകൂല്യ പദ്ധതികള്‍ കേരകര്‍ഷകര്‍ക്ക് ലഭിക്കും. ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് കൃഷിമന്ത്രി കെ. പ്രസാദിനും കെ, പി, എ മജീദ് എം, എൽ, എ ക്കുംവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ സിപി ഇസ്മായില്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ബാവ എന്നിവര്‍ നഗരസഭയുടെ നിവേദനം നല്‍കിയിരുന്നു.
ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കേരഗ്രാമം പദ്ധതിയില്‍ നഗരസഭയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.
തെങ്ങുകൃഷിയില്‍ ശാസ്ത്രീയമായ പരിചരണമുറകള്‍ അവലംബിച്ചു നാളികേരത്തിന്റെ ഉല്‍പാദനവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം. പദ്ധതിയുടെ ഭാഗമായി തെങ്ങ് കൃഷിയുടെ സമഗ്രപരിചരണത്തിനായി സംയോജിത പരിചരണമുറകള്‍, ജലസേചന സൗകര്യം മെച്ചപ്പെടുത്തല്‍, ജൈവവള ഉത്പാദനം, തെങ്ങ് കയറ്റയന്ത്രങ്ങളുടെ വിതരണം എന്നീ സഹായങ്ങള്‍ നടപ്പാക്കുന്നു.