തിരൂരങ്ങാടി: ധാർമ്മിക വിദ്യാഭ്യാസം സാമൂഹികവും വ്യക്തിപരവുമായ വിശുദ്ധിക്ക് കാരണമാകുമെന്നും അതിനാൽ ധാർമിക ബോധം സാർവത്രികമാക്കാൻ സമൂഹം ബദ്ധശ്രദ്ധരാകണമെന്നും വിസ്ഡം പണ്ഡിത സഭയായ ലജ്നത്തുൽ ബുഹൂസുൽ ഇസ്ലാമിയ്യ ചെയർമാനും ഖുർആൻ വിവർത്തകനുമായ സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകളുടെ മലപ്പുറം വെസ്റ്റ് ജില്ലാ തല പ്രവേശനോൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവര സാങ്കേതിക വിദ്യയുടെ സമഗ്രമായ വികാസം ധാർമികതയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്താൻ സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മലപ്പുറം വെസ്റ്റ് ജില്ലയിലെ വിസ്ഡം വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള എല്ലാ മദറസകളിലും ‘അൽഫലാഹ്’ പ്രവേശനോൽഘാടന പരിപാടികൾ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അനുബന്ധമായി സംഘടിപ്പിച്ചു
വിസ്ഡം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആസിഫ് സ്വലാഹി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ മുഖ്യാഥിതിയായിരുന്നു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം കെ.സി അയ്യൂബ്, ജില്ലാ സെക്രട്ടറി കരീം മാസ്റ്റർ പറപ്പൂർ,പി.ഒ ഉമറുൽ ഫാറൂഖ്, ശബീബ് സ്വലാഹി, കെ.വി ഇസ്മായിൽ മൗലവി, എം വി മെഹ്ബൂബ് പ്രസംഗിച്ചു.