മലപ്പുറം : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെ (ഏപ്രില്‍ 27 രാവിലെ ആറു മണി) മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ മജിസ്ട്രേറ്റും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് സംബന്ധമായ, നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം എന്നിവയ്ക്കെല്ലാം ഈ കാലയളവില്‍ വിലക്കുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ക്കും യാത്രയ്ക്കും മറ്റും നിരോധനാജ്ഞ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.