
അൽ ഫാറാബി ഗേൾസ് അക്കാദമി വളപട്ടണം ചാമ്പ്യന്മാര്
തിരൂരങ്ങാടി (ഹിദായ നഗര്‍): അഞ്ചാമത് മഹ്ദിയ്യ ഷീ ഫെസിറ്റിന് ഇന്നലെ ഹിദയാ നഗറില്‍ പ്രൗഢ സമാപ്തി. ഥാനവിയ്യ, ആലിയ, കുല്ലിയ വിഭാഗങ്ങളിലായി നടന്ന ഫെസ്റ്റില്‍ 147 പോയിന്റുമായി അൽ ഫാറാബി ഗേൾസ് അക്കാദമി വളപട്ടണം ചാമ്പ്യന്മാരായി. 112, 91 പോയിന്റുകളുമായി അൽ വർദ വിമൻസ് കോളേജ് മൂന്നിയൂർ, എം.ഐ.സി വിമൻസ് അക്കാദമി കോട്ടോപ്പാടം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഥാനവിയ്യ വിഭാഗത്തില്‍ 14 പോയന്റുമായി ഫാത്തിമ ഫർഹാന ടി.എ( കെ. എസ്. എ മഹ്ദിയ്യ കോളേജ്, എടത്തല), ആലിയ വിഭാഗത്തില്‍ 27 പോയിന്റുമായി ഫാത്തിമ ഷംല (ശീറാസ് റെസിഡൻഷൽ ക്യാമ്പസ്, ആലച്ചുള്ളി) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. സംസ്ഥാനത്തെ നാല്പതിലധികം സ്റ്റഡി സെന്ററുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥിനികളാണ് ഫെസ്റ്റില്‍ മാറ്റുരച്ചത്
ഇന്നലെ വൈകീട്ട് നടന്ന സമാപന പരിപാടി സയ്യിദ ശമീമ ബീവി പാണക്കാട് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഹബീബ ബശീര്‍ വിശിഷ്ടാതിഥിയായി. സഈദ സഹ്റാവിയ്യ, റിയ ആഇശ എന്നിവര്‍ സംസാരിച്ചു. മഹ്ദിയ്യ അസി.ഡയറക്ടര്‍ ഹാശിം ഹുദവി കൂരിയാട്, ഉനൈസ് ഹുദവി ചെമ്മാട്, അലി ഹസന് ഹുദവി കോട്ടക്കല്‍, മുഹമ്മദ് ഹുദവി താണിക്കല്‍, താജുദ്ദീന് ഹുദവി കൂരിയാട്, ശാക്കിര്‍ മുബാറക്ക് ഹുദവി കൈപ്പുറം, നിയാസ് ഹുദവി മാവേലി എന്നിവര്‍ സംബന്ധിച്ചു.
കലാ വിസ്മയമൊരുക്കി കള്‍ച്ചറല്‍ നൈറ്റ്
തിരൂരങ്ങാടി (ഹിദായ നഗര്‍: കലാ വസന്തം പെയ്തിറങ്ങിയ രണ്ട് രാവുകളില്‍ ഇന്നലെ ഫാഥിമ സഹ്റാ കാമ്പസില്‍ കലാ വിസ്മയമൊരുക്കി ഫാഥിമ സഹ്റാ വിദ്യാര്‍ത്ഥിനികളുടെ കള്‍ച്ചറല്‍ നൈറ്റ് ശ്രദ്ധേയമായി. വാഴ്സിറ്റി കാമ്പസില്‍ നടന്ന കാന്‍വാസ് പെയ്ന്റിങ്, കാലിഗ്രഫി മത്സരങ്ങള്‍ മികവ് കൊണ്ട് വേറിട്ടു നിന്നു. പ്രമുഖ കാലിഗ്രഫി ആര്‍ട്ടിസ്റ്റും മഹ്ദിയ്യ ഷീ ഫെസ്റ്റ് ജൂറിയുമായ ശിയാസ് അഹ്മദ് ഹുദവി മത്സരാര്‍ത്ഥികളുടെ കൂടെ പെയ്ന്റിങ്ങിൽ പങ്കെടുത്തത് വിദ്യാർത്ഥിനികൾക്ക് ആവേശമായി.