മലപ്പുറം : മഹത്തായ ലക്ഷ്യങ്ങള്‍ നേടുന്നതിനായി പ്രവര്‍ത്തിക്കുകയും അസാധ്യമെന്നു കരുതിയ കാര്യങ്ങള്‍ നടപ്പിലാക്കുകയുമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാറെന്ന് കായിക- ന്യൂനപക്ഷക്ഷേമ- വഖഫ് – ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഒരിക്കലും നടക്കില്ലെന്നു പലരും വിധിയെഴുതിയ നിരവധി കാര്യങ്ങള്‍ കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കി. തടസ്സവാദങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടന്ന് ഇച്ഛാശക്തിയോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്നും ഈ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം എങ്ങനെയാവണമെന്ന് നിശ്ചയിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണെന്നും ജനങ്ങളുടെ താല്പര്യങ്ങള്‍ മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ ചിന്തയോടെയാണ് ബഹു. മുഖ്യമന്ത്രിയുടെയും മുഴുവന്‍ മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും നവകേരള സദസ്സ് സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന വിധത്തിലാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.
ഓരോ ഫയലും ഓരോ ജീവിതമാണ് എന്നതാണ് മുഖ്യമന്ത്രി എടുത്തു പറയാറുള്ള സര്‍ക്കാറിന്റെ പൊതുനിലപാട്. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ് മുതല്‍ താഴേതട്ട് വരെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. തുടര്‍ന്ന് ജനകീയ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്തുകള്‍ മുതല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ വരെ പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ഘട്ടമാണ് നിയോജക മണ്ഡലതല നവകേരള സദസ്സുകള്‍. മേഖലാ അവലോകന യോഗങ്ങളില്‍ ഓരോ ജില്ലയിലെയും മുന്‍ഗണനാ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും വികസന ആവശ്യങ്ങളും കണ്ടെത്തിയിരുന്നു. ഇനി വരുന്ന ജനസദസ്സുകളില്‍ ജനങ്ങള്‍ക്ക് അവരുടെ വികസന സങ്കല്പങ്ങള്‍ അവതരിപ്പിക്കാനും മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും സംവദിക്കാനും അവസരമുണ്ട്. മന്ത്രിസഭയൊന്നാകെ ജനങ്ങള്‍ക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുകയും ചെയ്യുന്ന ഒരനുഭവം മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ല. നവകേരള നിര്‍മിതിയുടെ ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനാണ് ഈ ഉദ്യമം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനും വിപുലമായ സംവിധാനങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍
നവംബര്‍ 27 മുതല്‍ 30 വരെ നാല് ദിവസങ്ങളിലായാണ് മലപ്പുറം ജില്ലയിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസ്സുകളും പ്രഭാത സദസ്സുകളും നടക്കുന്നത്. ഓരോ ദിവസവും നാല് മണ്ഡലങ്ങളില്‍ പര്യടനം നടത്തും. തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ കേന്ദ്രമായുള്ള മൂന്ന് പ്രഭാത സദസ്സുകള്‍ ഉള്‍പ്പെടെ ആകെ 19 പരിപാടികളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ജനങ്ങളുമായി ആശയവിനിമയം നടത്തുക. ഓരോ മണ്ഡലം സദസ്സിലും 15,000 ത്തിലധികം പേരെ പങ്കെടുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രഭാത സദസ്സുകളില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ-യുവജന-വിദ്യാര്‍ത്ഥി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നവംബര്‍ 27ന് തിരൂര്‍ ബിയാന്‍കോ കാസിലില്‍ രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. തിരൂര്‍, തവനൂര്‍, പൊന്നാനി, താനൂര്‍ മണ്ഡലങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആദ്യ പ്രഭാത സദസ്സില്‍ പങ്കെടുക്കും.
തുടര്‍ന്ന് അന്നേ ദിവസം രാവിലെ 11 ന് പൊന്നാനി ഹാര്‍ബര്‍ ഗ്രൗണ്ടില്‍ ജില്ലയിലെ ആദ്യത്തെ മണ്ഡലംതല നവകേരള സദസ്സ് നടക്കും. വൈകുന്നേരം മൂന്നിന് തവനൂര്‍ മണ്ഡലം സദസ്സ് എടപ്പാള്‍ സഫാരി പാര്‍ക്കിലും, 4.30 ന് തിരൂര്‍ മണ്ഡലം സദസ്സ് ജി.ബിഎച്ച്.എസ്.എസ് ഗ്രൗണ്ടിലും വൈകുന്നേരം ആറിന് താനൂര്‍ മണ്ഡലം ജനസദസ്സ് ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തിലും നടക്കും.
നവംബര്‍ 28ന് വള്ളിക്കുന്ന് മണ്ഡലം സദസ്സ് രാവിലെ 11ന് കാലിക്കറ്റ് സര്‍വകലാശാല ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തിരൂരങ്ങാടി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് സബാഹ് സ്‌ക്വയറിലും കോട്ടക്കല്‍ മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് ആയുര്‍വേദ കോളേജ് ഗ്രൗണ്ടിലും നടക്കും.
നവംബര്‍ 29 ന് രാവിലെ ഒമ്പതിന് മലപ്പുറം വുഡ്‌ബൈന്‍ ഹോട്ടലില്‍ എട്ട് മണ്ഡലങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രഭാത സദസ്സ് നടക്കും. തുടര്‍ന്ന് കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കും. മഞ്ചേരി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും, മങ്കട മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും, മലപ്പുറം മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും.
നവംബര്‍ 30 ന് രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ പൊന്ന്യാകുറിശ്ശി ശിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നാല് മണ്ഡലങ്ങളുടെ പ്രഭാത സദസ്സ് നടക്കും. തുടര്‍ന്ന് ഏറനാട് മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കും. വൈകുന്നേരം മൂന്നിന് നിലമ്പൂര്‍ മണ്ഡലം സദസ്സ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂര്‍ മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് വി.എം.സി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, പെരിന്തല്‍മണ്ണ മണ്ഡലം സദസ്സ് വൈകുന്നരേം ആറിന് നെഹ്‌റു സ്റ്റേഡിയത്തിലും നടക്കും. പരിപാടികളില്‍ എം.എല്‍ എ മാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും പൗരപ്രമുഖരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
സംഘാടനം
സംസ്ഥാനതലത്തില്‍ നവകേരള സദസ്സിന്റെ ഏകോപനം പാര്‍ലമെന്ററികാര്യ മന്ത്രിയാണ് നിര്‍വഹിക്കുന്നത്. ജില്ലകളിലെ സംഘാടനം ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ക്കും നടത്തിപ്പ് ചുമതല ജില്ലാ കളക്ടര്‍മാര്‍ക്കുമാണ്. അതത് മണ്ഡലത്തിലെ എം.എല്‍.എ, മുന്‍ എം.എല്‍.എ, മറ്റേതെങ്കിലും ജനപ്രതിനിധി അല്ലെങ്കില്‍ പൊതുസമ്മതനായ പ്രമുഖ വ്യക്തിയോ ആണ് സംഘാടക സമിതി ചെയര്‍മാന്‍. പഞ്ചായത്ത്തല സംഘാടക സമിതി ചെയര്‍മാന്‍ തദ്ദേശസ്ഥാപന ചെയര്‍പേഴ്‌സണോ പ്രതിപക്ഷ നേതാവോ ആയിരിക്കും.
മലപ്പുറം ജില്ലയില്‍ എ.ഡി.എം എന്‍.എം മെഹറലിയാണ് ജില്ലാതല നോഡല്‍ ഓഫീസര്‍. സബ് കളക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സച്ചിന്‍ കുമാര്‍ യാദവ് എന്നിവരാണ് സബ് ഡിവിഷണല്‍ നോഡല്‍ ഓഫീസര്‍മാര്‍. 16 മണ്ഡലങ്ങളിലും വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാരാണ് നോഡല്‍ ഓഫീസര്‍മാര്‍. ഓരോ താലൂക്കിന്റെയും ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാര്‍ ചാര്‍ജ്ജ് ഓഫീസര്‍മാരും താലൂക്ക് തഹസിദാര്‍മാര്‍ കണ്‍വീനര്‍മാരുമാണ്. പത്തിലധികം സബ് കമ്മിറ്റികള്‍ രൂപീകരിച്ച് വിവിധ വകുപ്പുകളിലെ ജില്ലാ തല ഓഫിസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായും നിയോഗിച്ചിട്ടുണ്ട്.
പരാതികള്‍ സ്വീകരിക്കാന്‍ സൗകര്യം
നവകേരള സദസ്സിനെത്തുന്നവരില്‍ നിന്നും പരാതി സ്വീകരിക്കാന്‍ വേദികളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കാത്തിരിപ്പില്ലാതെ പരാതി നല്‍കാവുന്ന രീതിയില്‍ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകള്‍ വീതം സജീകരിക്കും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാന്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. നവകേരള സദസ്സ് തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ച് തുടങ്ങും. പൊതുപരിപാടി അവസാനിച്ചാലും മുഴുവന്‍ പരാതികളും സ്വീകരിച്ച ശേഷമേ കണ്ടറുകള്‍ അടക്കു. പരാതിക്കാര്‍ക്ക് കൈപ്പറ്റ് രസീത് നല്‍കും.
സ്വീകരിച്ച പരാതികള്‍ കളക്ടറേറ്റില്‍ എത്തിച്ച് ഇതിനായി തയ്യാറാക്കിയ വെബ് അപ്ലിക്കേഷനില്‍ ഡാറ്റാ എന്‍ട്രി നടത്തിയ ശേഷം ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല മേധാവികള്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പോര്‍ട്ടല്‍ മുഖേന കൈമാറും. ഇവ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുത്ത് പരാതിക്കാരന് മറുപടി നല്‍കും. കൂടുതല്‍ നടപടിക്രമങ്ങള്‍ ആവശ്യമുള്ള കേസുകളില്‍ നാലാഴ്ചയ്ക്കകം തീര്‍പ്പുണ്ടാക്കും. ഇത്തരം സാഹചര്യങ്ങളില്‍ പരാതിക്കാരന് ഒരാഴ്ചക്കകം ഇടക്കാല മറുപടി നല്‍കും.
സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട പരാതികളില്‍ പരമാവധി 45 ദിവസത്തിനകം പരിഹാരം കാണും. ഇതിനായി ജില്ലാതല ഉദ്യോഗസ്ഥര്‍ വിശദമായ റിപ്പോര്‍ട്ട് സഹിതം ഫയല്‍ ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് കൈമാറും. ഇത്തരം സാഹചര്യങ്ങളില്‍ പരാതിക്കാരന് ഒരാഴ്ചക്കകം ഇടക്കാല മറുപടി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.