മലപ്പുറം : കുഴല്‍പണമിടപാടില്‍ ആദ്യ ഭാരതീയ ന്യായസംഹിത പ്രകാരം കേസെടുത്ത് മലപ്പുറം പൊലീസ്. തിരൂരില്‍ കഴിഞ്ഞദിവസം 30 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടിയ സംഭവത്തിലാണു കേസ്. പണവുമായി പിടികൂടിയ തലക്കടത്തൂര്‍ വടക്കിനിയേടത്ത് ഇബ്രാഹിംകുട്ടിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇതുവരെ കുഴല്‍പണമിടപാടില്‍ പിടിയിലായാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ ഇനി ആകില്ല. ബിഎന്‍എസിലെ ശക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നതോടെ കുഴല്‍പണ ഇടപാടില്‍ പിടിയിലാകുന്നവര്‍ക്ക് എളുപ്പത്തില്‍ ഊരിപ്പോകാനാവില്ല. ഇനി ബിഎന്‍എസിലെ 111 (1)(7) വകുപ്പുകളാണു ചുമത്തുക. സംഘടിത കുറ്റകൃത്യം തടയല്‍, ഹവാല ഉള്‍പ്പെടെയുള്ള അനധികൃത പണമിടപാട് തടയല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണിത്. ശിക്ഷിക്കപ്പെട്ടാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവു ലഭിക്കും. കാരിയര്‍മാര്‍ക്കു പുറമേ, ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരിലേക്കും അന്വേഷണം നീളും