കരിപ്പൂര്‍ വിമാനത്താവളത്തില്‍ 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലപ്പുറം പോലീസ് പിടികൂടി ; കഴിഞ്ഞ രണ്ടാഴ്ചക്കിടെ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പിടികൂടുന്ന അഞ്ചാമത്തെ കേസ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലപ്പുറം പോലീസ് പിടികൂടി. കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 649 ഗ്രാം സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ്സ്, സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്ത് സംഘത്തിലെ കോഴിക്കോട് എലത്തൂര്‍ സ്വദേശി ദിലൂപ് മിര്‍സ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.

സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 2 കാപ്‌സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ആസിഫ് റിയാസ് കുവൈറ്റില്‍ നിന്നെത്തിയത്. ദിലൂപ് മിര്‍സയുടെ പക്കല്‍ നിന്നും കാരിയര്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന 100,000/ രൂപയും കണ്ടെടുത്തു. എയര്‍പോര്‍ട്ടിനകത്തുള്ള ആധുനിക എക്‌സറേ സംവിധാനങ്ങളും പരിശോധനകളും മറി കടന്ന് ഏയര്‍പോര്‍ട്ടിന് വെളിയിലെത്തിയ ആസിഫിനെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന അഞ്ചാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസ് പ്രിവന്റീവിനും സമര്‍പ്പിക്കും.

error: Content is protected !!