Friday, September 19

ചെരിപ്പിനുള്ളില്‍ കാല്‍ കോടിയുടെ സ്വര്‍ണം ; കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തെത്തിയ യുവാവ് പൊലീസിന്റെ പിടിയില്‍

മലപ്പുറം: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് കാല്‍ കോടിയുടെ സ്വര്‍ണം കടത്തിയയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായി. ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് (23) എന്നയാളില്‍ നിന്നാണ് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പൊലീസ് പിടിച്ചെടുത്തത്.

അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെയും കസ്റ്റംസിനെയും മറികടന്ന് ഇയാള്‍ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 446 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.

കരിപ്പൂരില്‍ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിച്ച ശേഷം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!