
പരപ്പനങ്ങാടി : അടിയന്തര സ്വഭാവമുള്ള ചികിത്സക്ക് മെഡിസെപ്പ് ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. പരപ്പനങ്ങാടി നെടുവയിലെ ശ്രീമന്ദിരം വീട്ടില്‍ ഉണ്ണിയുടെ പരാതിയില്‍ ചികിത്സാ ചെലവ് 52,817 രൂപയും നഷ്ട പരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5,000 രൂപയും മെഡിസെപ് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു.
മെഡിസെപ്പ് പദ്ധതി പ്രകാരം ചികിത്സക്ക് മുമ്പേ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും മെഡിസെപ് പദ്ധതി ക്യാഷ്ലെസ് പദ്ധതിയാണെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ ചികിത്സ നടത്തിയതിനാല്‍ ആനുകൂല്യം നല്‍കാനാകില്ലെന്നുമറിയിച്ചതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി ബോധിച്ചത്. അപകടമോ അടിയന്തിര സ്വഭാവമോ ഉള്ള ചികിത്സകള്‍ക്ക് മാത്രമേ മെഡിസെപ് പദ്ധതി പ്രകാരം ആനുകൂല്യം നല്‍കുവെന്നും പരാതിക്കാരന്റെ ചികിത്സാ അത്തരത്തിലുള്ളതല്ലെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്.
എന്നാല്‍ അടിയന്തിര സ്വഭാവമുള്ള സാഹചര്യങ്ങളില്‍ ഇന്‍ഷ്വറന്‍സ് പാനലില്‍ പെടാത്ത ആശുപത്രികളിലെ ചികിത്സക്കും അംഗീകൃത നിരക്കില്‍ ചികിത്സാ ചെലവ് കൊടുക്കാന്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ പരാതിക്കാരന് ചികിത്സാ ചെലവ് നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കമ്മീഷന്‍ വിധിച്ചു. ജീവനക്കാരില്‍ നിന്നും പ്രീമിയം സ്വീകരിക്കുകയും ശേഷം ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ലക്ഷ്യത്തിന് അനുയോജ്യമല്ലാത്ത വിധം വ്യവസ്ഥകളെ വ്യാഖ്യാനിക്കുകയും ചെയ്യുന്നത് അനുചിതമാണ്. പരാതിക്കാരനെ അടിയന്തിര സാഹചര്യത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരാതിക്കാരന്റെ രോഗത്തിനുള്ള ചികിത്സ നല്‍കാനുള്ള സംവിധനം ആശുപത്രിയില്‍ ഉണ്ടായിരുന്നെങ്കിലും മെഡിസെപ് പദ്ധതിയുടെ പാനലില്‍ ആശുപത്രിയിലെ ഈ പ്രത്യേക ചികിത്സാ വിഭാഗം ഉള്‍പ്പെട്ടിരുന്നില്ല. അതിനാല്‍ ചികിത്സാ ചെലവ് പരാതിക്കാരന്‍ വഹിക്കേണ്ടി വന്നു.
തുടര്‍ന്നാണ് മെഡിസെപ് പദ്ധതിപ്രകാരം ആനുകൂല്യത്തിനായി ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിച്ചത്. പരാതിക്കാരന്റെ ചികിത്സ അടിയന്തിര സ്വഭാവമുള്ളതായിരുന്നുവെന്നു കാണിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് കമ്പനിയെ സമീപിച്ചത്. എന്നാല്‍ ഇന്‍ഷ്വറന്‍സ് കമ്പനി അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ജീവനക്കാരുടെ ചികിത്സ മുന്‍നിര്‍ത്തിയുള്ള ഒരു പദ്ധതിയിലെ വ്യവസ്ഥയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുടേത്. അതിനാല്‍ ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം വിധിപ്രകാരമുള്ള സംഖ്യ നല്‍കണമെന്നും വീഴ്ച വന്നാല്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ വിധിച്ചു.