വോട്ടര്‍ പട്ടിക പുതുക്കല്‍; അന്തിമ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും ; ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

Copy LinkWhatsAppFacebookTelegramMessengerShare

വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം 2024 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

വോട്ടര്‍ പട്ടിക പുതുക്കല്‍, ആധാര്‍ ലിങ്കിംഗ്, 18 വയസ്സ് തികഞ്ഞ പൗരന്മാരുടെ വോട്ട് ചേര്‍ക്കല്‍ എന്നിവ പരിശോധിക്കണം. ഭിന്നശേഷിക്കാരായ ആളുകളുടെ വിവരങ്ങൾ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.

നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പ്രത്യേകം ലിസ്റ്റ് തയ്യാറാക്കണം. രാഷ്ട്രീയ പാർട്ടികൾ ഓരോ പോളിംഗ് സ്റ്റേഷനിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണം. നിയോജക മണ്ഡല അടിസ്ഥാനത്തിലും വില്ലേജ് തലത്തിലും വോട്ടര്‍പട്ടിക പുതുക്കല്‍ സംബന്ധിച്ച് വ്യാപകമായ പ്രചരണം നടത്തണമെന്നും ജില്ലാകലക്ടർ യോഗത്തിൽ നിർദേശിച്ചു. ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ കേന്ദ്രീകരിച്ച് വിവിധ മത്സരങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.

വോട്ടര്‍ പട്ടികയില്‍ പരമാവധി പേരെ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ടീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!