മലപ്പുറത്ത് നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി ; പെണ്‍കുട്ടി വിവാഹിത, പിതാവിനെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു

മലപ്പുറം : കാളികാവ് പള്ളിശ്ശേരിയില്‍നിന്നു കാണാതായ ഇതര സംസ്ഥാനക്കാരിയായ 14 കാരിയെ ഹൈദരാബാദില്‍ നിന്നു കണ്ടെത്തി കാളികാവ് പൊലീസ്. പെണ്‍കുട്ടി വിവാഹിതയാണെന്ന് പൊലീസ് പറഞ്ഞു. അസം സ്വദേശിയായ പിതാവ് കുട്ടിയെ അസം സ്വദേശിയായ യുവാവിനാണ് വിവാഹം ചെയ്തു നല്‍കിയിയിരുന്നത്. ശൈശവ വിവാഹ നിരോധനനിയമ പ്രകാരം പെണ്‍കുട്ടിയുടെ പിതാവിനെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ പോക്‌സോ കേസില്‍ വിവാഹം കഴിച്ചയാളെയും കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു.

നവംബര്‍ 28ന് വൈകിട്ടാണ് പള്ളിശ്ശേരിയില്‍ വാടക ക്വാട്ടേഴ്‌സില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ഇറങ്ങിപ്പോയത്. തുടര്‍ന്ന് മാതാപിതാക്കള്‍ കാളികാവ് പൊലീസില്‍ പരാതി നല്‍കി. കാളികാവില്‍നിന്ന് മഞ്ചേരി, പെരിന്തല്‍മണ്ണ വഴി കോയമ്പത്തൂര്‍ വരെ ബസിലും തുടര്‍ന്ന് ട്രെയിനിലും യാത്ര ചെയ്താണ് കുട്ടി ഹൈദരാബാദില്‍ എത്തിയത്. ഹൈദരാബാദില്‍ അസം സ്വദേശികളായ ഒരു കുടുംബത്തോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഹൈദരാബാദില്‍ നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വന്ന ഒരു ഫോണ്‍ കൊള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനിടയിലാണ് കുട്ടിയെ കണ്ടെത്താനായത്. വിവാഹം കഴിച്ചയാളില്‍നിന്നുള്ള പീഡനം സഹിക്ക വയ്യാതെയാണ് കാളികാവിലെ വാടകവീട്ടില്‍ നിന്നു പെണ്‍കുട്ടി ഹൈദരാബാദിലേക്ക് കടന്നുകളഞ്ഞത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കി.

നിലമ്പൂര്‍ ഡിവൈഎസ്പി ജി.ബാലചന്ദ്രന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തില്‍ കാളികാവ് എസ്‌ഐ ശശിധരന്‍ വിളയില്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.അബ്ദുല്‍ സലീം, സിവില്‍ പൊലീസ് ഓഫിസര്‍ യു.ജിഷ തുടങ്ങിയവരാണുണ്ടായിരുന്നത്.

error: Content is protected !!