മലപ്പുറം: കടലുണ്ടിപ്പുഴയില്‍ നൂറടിക്കടവിന് സമീപം കുളിക്കാന്‍ ഇറങ്ങിയ ഉമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിനിയായ ഫാത്തിമ ഫായിസയും ഏഴു വയസ്സുകാരി മകള്‍ ഫിദ ഫാത്തിമയുമാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ബന്ധുക്കളായ രണ്ടു പേരെ രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയതാണ് ഫാത്തിമ ഫായിസ. അനിയത്തിയോടും മക്കളോടുമൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ആഴത്തില്‍ മുങ്ങിപ്പോയ ചെറിയ മകള്‍ ഫിദ ഫാത്തിമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്. ഫാത്തിമ ഫായിസയുടെ സഹോദരിയും മറ്റൊരു മകളും പുഴയില്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവര്‍ രക്ഷപ്പെട്ടു.
വേങ്ങര സ്വദേശിയായ സമീറാണ് ഫാത്തിമ ഫായിസയുടെ ഭര്‍ത്താവ്. സൗദിയില്‍ നിന്നും ഇദ്ദേഹം എത്തിച്ചേര്‍ന്ന ശേഷം ശനിയാഴ്ച വേങ്ങര മുട്ടുംമ്പുറം ജുമാ മസ്ജിദില്‍ ഖബററടക്കം നടക്കും.