അനുമതി നല്‍കിയ ശേഷം മത്സ്യകൃഷി തടസ്സപ്പെടുത്തി; കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കമ്മീഷന്‍

തിരൂരങ്ങാടി : മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ മത്സ്യ കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെളിമുക്ക് ചാലി ഉള്‍നാടന്‍ മത്സ്യ കര്‍ഷക സംഘം നല്‍കിയ പരാതിയിലാണ് വിധി.

രണ്ട് വര്‍ഷത്തേക്ക് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ മത്സ്യകൃഷി നടത്തുന്നതിന് 2018 സെപ്റ്റംബര്‍ 25ന് ഭരണസമിതി അനുമതി നല്‍കുകയും 4,000 രൂപ പരാതിക്കാരായ സഹകരണ സംഘത്തില്‍ നിന്നും ലൈസന്‍സ് ഫീ കൈപ്പറ്റുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനാല്‍ മത്സ്യവകുപ്പിനെ സമീപിച്ച് സര്‍ക്കാര്‍ സഹായവും ഉറപ്പുവരുത്തി. സഹകരണ സംഘം ആറ് ലക്ഷം രൂപ ചെലവഴിച്ച് മൂന്നു മാസത്തിനകം മത്സ്യകൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പരിസരവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യകൃഷി നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ഉത്തരവിട്ടു. തുടര്‍ന്ന് പരാതികളില്‍ യഥാസമയം അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് തയ്യാറായില്ല. മത്സ്യവകുപ്പില്‍ നിന്നും സഹായമായി അനുവദിച്ച 1,31,320 രൂപയും പാഴായി. മത്സ്യവകുപ്പ് പരിശോധിച്ച് അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തിയ സ്ഥലത്ത് പഞ്ചായത്തിന്റെ അനുമതിയോടെ ആരംഭിച്ച സംരംഭം അന്യായമായി തടസ്സപ്പെടുത്തിയതിനാല്‍ നഷ്ടപരിഹാരവും മുടക്കുമുതലും തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

മതിയായ പഠനം നടത്താതെ പദ്ധതിക്ക് അനുമതി നല്‍കുകയും ന്യായമായ കാരണമില്ലാതെ മത്സ്യകൃഷി തടയുകയും ചെയ്ത ഗ്രാമപഞ്ചായത്ത് നടപടിയില്‍ വീഴ്ചയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് മത്സ്യകൃഷി സംഘത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടത്. കോടതി ചെലവിലേക്കായി 15,000 രൂപയും നല്‍കണം. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം വിധിസംഖ്യക്ക് ഒമ്പത് ശതമാനം പലിശയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.

error: Content is protected !!