തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ് : ഡോക്ടര്‍ക്കെതിരെ നടപടി വേണം : മുസ്‌ലിം യൂത്ത് ലീഗ്

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ആശുപത്രി സുപ്രണ്ട് ഡോ.പ്രഭുദാസിനെ നേരില്‍ കണ്ടാണ് മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികള്‍ ആവശ്യം ഉന്നയിച്ചത്. ഡോക്ടര്‍മാരുടെ സ്വഭാവത്തെ കുറിച്ച് ജനങ്ങളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളെ കുറിച്ചുള്ള പരാതിയും യൂത്ത് ലീഗ് സുപ്രണ്ടിന് കൈമാറി.

ശനിയാഴ്ച്ച രാവിലെ 10.30 മണിയോടെ മരണപ്പെട്ട യുവാവിന്റെ മൃതദേഹം അഞ്ച് മണിയോടെ അനാവശ്യ തടസ്സങ്ങള്‍ പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത് കാരണം മൃതദേഹം മറവ് ചെയ്യുന്നത് 24 മണിക്കൂറിലേറെ വൈകിപ്പിച്ചത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണെന്നും ഡോ. ഫായിസിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് യൂത്ത് ലീഗ് നല്‍കിയ പരാതിയിലുള്ളത്. അതോടൊപ്പം ആശുപത്രി മോശമാക്കാന്‍ ചില ഡോക്ടര്‍മാര്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നും ഇവര്‍ രോഗികളോടും മറ്റു വളരെ മോശമായാണ് പെരുമാറുന്നതെന്നും ഇത്തരം ഡോക്ടര്‍മാരെ ചികില്‍സിക്കാന്‍ തെയ്യാറാകണമെന്നും യൂത്ത്ലീഗ് നല്‍കിയ പരാതിയിലുണ്ട്. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ റസാഖാണ് സുപ്രണ്ടിന് പരാതി കൈമാറിയത്.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, ജനറല്‍ സെക്രട്ടറി പി.എം സാലിം, ട്രഷര്‍ പി.പി ഷാഹുല്‍ ഹമീദ്, സി.കെ മുനീര്‍, ആസിഫ് പാട്ടശ്ശേരി, ജാഫര്‍ കുന്നത്തേരി, വി.എ കബീര്‍, കെ.പി നൗഷാദ്, ബിഷര്‍ ചെറമംഗലം, ബാപ്പുട്ടി ചെമ്മാട്, മരണപ്പെട്ട ജലീലിന്റെ സഹോദരന്‍ ജൈസല്‍ എന്നിവരും സുപ്രണ്ടുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

error: Content is protected !!