Monday, July 14

നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി : വേഗത്തില്‍ പൂര്‍ത്തിയാക്കണം, കീറിയ റോഡുകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കണം : കെ.പി.എ മജീദ് എംഎല്‍എ

തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമ പഞ്ചായത്തില മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലമെത്തിക്കുന്നതിനുള്ള സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. 2024 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാനുദ്ദേശിച്ച പദ്ധതിയില്‍ ഇത് വരെയും 50 ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പൈപ്പ് സ്ഥാപിക്കുന്നതിനായി കീറിയ റോഡുകള്‍ അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.

സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ കരാറുകാരന്‍ പരാജയപ്പെട്ടതായും കരാറുകാരനെ ഡി-ബാര്‍ ചെയ്യുന്നതിലേക്ക് വകുപ്പ് കടക്കേണ്ടി വരുമെന്നും യോഗത്തില്‍ സംസാരിച്ച ജലജീവന്‍ മിഷന്‍ പ്രൊജക്ട് എഞ്ചിനിയറും ജല വിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറുമായ ഇ.എസ് സതീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ജൂലൈ 31-നകം റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കുമെന്നും ഡിസംബര്‍ 31-നകം നന്നമ്പ്രയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കുമുള്ള പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കുമെന്നും കരാറുകാരനായ സി.എല്‍ റഷീദ് യോഗത്തെ അറിയിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ ചര്‍ച്ചക്ക് ശേഷം ഓഗസ്ത് മാസത്തിന് മുമ്പ് ഇത് വരെ കീറിയ റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കണമെന്നും അല്ലാത്ത പക്ഷം കരാറുകാരനെ ഡി ബാര്‍ ചെയ്യുന്നതിലേക്ക് വകുപ്പ് നീങ്ങാനും യോഗം തീരുമാനിച്ചു. അതിന് മുന്നോടിയായി ഓഗസ്ത് മാസത്തില്‍ ഒരു അവലോകന യോഗം കൂടി ചേരും. ഫെബ്രുവരി 28-ന് മുമ്പായി കിണര്‍, മെയിന്‍ പമ്പിംഗ് പൈപ്പ് ലൈന്റെ പ്രവര്‍ത്തി എന്നിവ പൂര്‍ത്തിയാക്കുന്നതിനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, നന്നമ്പ്ര പഞ്ചയാത്ത് പ്രസിഡന്റ് തസ്‌ലീന ഷാജി പാലക്കാട്ട്, ഒടിയില്‍ പീച്ചു, എന്‍.വി മൂസക്കുട്ടി, കെ കുഞ്ഞിമരക്കാര്‍, ഊര്‍പ്പായി മുസ്തഫ, ജാഫര്‍ പനയത്തില്‍, യു.എ റസാഖ്, ടി.കെ നാസര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ കെ.പി ഷിബിന്‍, മൊയ്തീന്‍ കോയ, സുഹൈല്‍ പങ്കെടുത്തു.

error: Content is protected !!