നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി താഴെചിന സ്വദേശി തടത്തില്‍ അബ്ദുല്‍ കരീമി നെ (52) യാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാപ്പ-3 നിയമപ്രകാരം അറസ്റ്റുചെയ്ത കരീമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കി. ആറുമാസത്തേക്കാണു തടവ്. ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
മയക്കുമരുന്നുകളുമായും തോക്കിന്‍ തിരകളുമായും പോലീസ് പിടിയിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയിലില്‍നിന്നു പുറത്തിറങ്ങിയത്. താനൂര്‍, തിരൂരങ്ങാടി, വേങ്ങര എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലായി ലഹരിക്കടത്ത്, നരഹത്യാശ്രമം, മാരകായുധങ്ങളായ വടിവാളും തോക്കിന്‍തിരകളും അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി കൈവശംവെക്കുക, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കുക തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്.
ജില്ലയില്‍ ഈ വര്‍ഷം 16 പേരെ കാപ്പ നിയമപ്രകാരം തടവിലാക്കിയതായും 50 പേര്‍ക്കെതിരേ കാപ്പ പ്രകാരമുമുള്ള നടപടികള്‍ സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.