
മലപ്പുറം : നവകേരള സദസ്സില്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ക്കായി മലപ്പുറം ജില്ലയ്ക്ക് 114 കോടി രൂപ അനുവദിച്ചു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങള്‍ക്കും വിവിധ പദ്ധതികള്‍ക്കായി തുക അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നേരിട്ട് ജനങ്ങളെ കണ്ട് നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്ന നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങളാണ് പരിഗണിച്ചത്. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ അപ്പോള്‍ തന്നെ പരിഗണിക്കാന്‍ നവകേരള സദസ്സില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൊണ്ടോട്ടി മണ്ഡലത്തിലെ കാരാട് – മൂളപ്പുറം – ചണ്ണയില്‍പള്ളിയാല്‍ റോഡ് നവീകരണത്തിനായി പത്ത് കോടി രൂപ അനുവദിച്ചു. ഏറനാട് മണ്ഡലത്തിലെ ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ പനമ്പിലാവ് പാലം പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി രൂപയും അരീക്കോട് സ്റ്റേഡിയം നവീകരണത്തിന് രണ്ട് കോടി രൂപയുമാണ് അനുവദിച്ചത്. നിലമ്പൂര്‍ മണ്ഡലത്തില്‍ നിലമ്പൂര്‍ നഗരത്തിലെ കെ.എന്‍.ജി റോഡ് വീതി കൂട്ടുന്നതിന് അഞ്ച് കോടിയും വണ്ടൂര്‍ മണ്ഡലത്തില്‍ തിരുവാലി നടുവത്ത് കൂറ്റന്‍പാറ എക്കോ ടൂറിസം പദ്ധതിയ്ക്കായി ഏഴു കോടിയും മഞ്ചേരി മണ്ഡലത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യത്തിലുള്ള കാഷ്വാലിറ്റി കെട്ടിടം നിര്‍മാണത്തിനായി പത്ത് കോടിയും അനുവദിച്ചു.
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പീക്കോക്ക് വാലി ടൂറിസം പദ്ധതിക്കായി ഏഴു കോടി രൂപയും മങ്കട സി.എച്ച്.സി നിര്‍മാണത്തിന് ഏഴ് കോടി രൂപയും മലപ്പുറം മണ്ഡലത്തില്‍ മലപ്പുറം ഗവ. കോളേജില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മാണത്തിന് അഞ്ച് കോടി രൂപയും വേങ്ങര മണ്ഡലത്തിലെ കിളിനക്കോട്് -മിനി റോഡ്, ടിപ്പു സുല്‍ത്താന്‍ റോഡ് എന്നിവ ബി.എം.ബി.സി ചെയ്യുന്നതിന് ഏഴ് കോടി രൂപയും അനുവദിച്ചു. വള്ളിക്കുന്ന് മണ്ഡലത്തിലെ ഇടിമൂഴിക്കല്‍ അഗ്രശാല പാറക്കടവ് റീച്ച് വണ്‍ റോഡ് നവീകരണത്തതിന് ഏഴ് കോടി, തേഞ്ഞിപ്പലം വില്ലേജ് ഓഫീസിന് സ്വന്തമായി ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് ഒരു കോടി, തിരൂരങ്ങാടി പെരുമണ്ണ ക്ലാരി പി.എച്ച്.സി കെട്ടിടം പുനര്‍നിര്‍മാണത്തിന് ആറ് കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്.
താനൂര്‍ താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ പുതിയ നില നിര്‍മിക്കുന്നതിന് ഏഴ് കോടി രൂപ, തിരൂര്‍ ആതവനാട് പഞ്ചായത്തിലെ ചോറ്റൂര്‍ മുതല്‍ മാട്ടൂര്‍ ഹൈസ്‌കൂള്‍ വരെയുള്ള റോഡ് നവീകരണം, തിരൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഏഴൂര്‍ കൊട്ടിലത്തറ റോഡ് നവീകരണം, അപ്രോച്ച് റോഡ് നിര്‍മാണം എന്നിവയ്ക്കായി ഏഴ് കോടി രൂപയും അനുവദിച്ചു.
കോട്ടക്കല്‍ കേന്ദ്രീകരിച്ച് ആയുര്‍വേദം, അലോപ്പതി, മറ്റ് മെഡിക്കല്‍ ശാഖകള്‍ എന്നിവ ചേര്‍ത്ത് ഹെല്‍ത്ത് ടൂറിസം വികസന പദ്ധതിക്കും വൈദ്യരത്നം പി.എസ്് വാര്യര്‍ ആയുര്‍വേദ കോളേജ് ഹോസ്പിറ്റലിനുമായി ഏഴ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 3.5 കോടി രൂപയും കുറ്റിപ്പുറം മിനിപമ്പ നവീകരണത്തിന് 3.5 കോടി രൂപയും പൊന്നാനി മണ്ഡലത്തിലെ കൊല്ലന്‍പടിയില്‍ നിന്ന് തുടങ്ങി കറുകത്തിരുത്തി വളവ് വരെ ബി.എം.ബി.സിയും മറ്റ് അനുബന്ധ പ്രവൃത്തികളും ചെയ്യുന്നതിന് 3.25 കോടി രൂപയും കുറ്റിപ്പുറം – തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ മേലെ പന്താവൂര്‍ പാലം മുതല്‍ പെരുമുക്ക് വഴി കാഞ്ഞൂര്‍ തരിയത്ത് വരെ ബി.എം.ബി.സി ചെയ്യുന്നതിന് 3.75 കോടി രൂപയും അനുവദിച്ചു.