
കൊണ്ടോട്ടി : പുതുവർഷാഘോഷത്തോടനുബന്ധിച്ച് റോഡപകടങ്ങൾ തടയാൻ മോട്ടോർ വാഹന വകുപ്പ് കർശന പരിശോധനയുമായി രംഗത്തിറങ്ങി. കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ പി. കെ. മുഹമ്മദ് ഷഫീഖ്, എ. കെ. മുസ്തഫ, കെ. സി. സൗരഭ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാൻ സാധ്യത കണക്കിലെടുത്ത് ദേശീയ-സംസ്ഥാന പാതകൾക്ക് പുറമെ കൊണ്ടോട്ടി, എടവണ്ണപാറ, അരീക്കോട്, മൊറയൂർ, എയർപോർട്ട് പരിസരം, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന ശക്തമാക്കിയത്. നിരത്തിൽ കൈ കാണിച്ചാൽ നിർത്താത്ത വാഹനങ്ങൾ പിടികൂടാൻ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്.
മദ്യപിച്ചുള്ള വാഹനയാത്ര, മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗത, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം ആളുകളെ കയറ്റൽ, സിഗ്നൽ ലംഘനം, രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസർ മാറ്റിയ വാഹനങ്ങൾ, എയർ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റുള്ളവരുടെ ഡ്രൈവിങ്ങിന് ബാധിക്കുന്ന രീതിയിലുള്ള വിവിധ വർണ ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. വിവിധ നിയമലംഘനങ്ങൾക്ക് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. പരിശോധനക്ക് പുറമെ ബോധവത്ക്കരണവും നൽകുന്നുണ്ട്.